മെല്‍ബണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ധോണിയെയും കോലിയെയും പുറത്താക്കാനുള്ള സുവര്‍ണാവസരങ്ങള്‍ തുലച്ച് ഓസീസ് ഫീല്‍ഡര്‍മാര്‍. 10 റണ്‍സെടുത്ത് നില്‍ക്കെ സ്റ്റാന്‍ലേക്കിന്റെ പന്തില്‍ കോലി ഫസ്റ്റ് സ്ലിപ്പില്‍ നല്‍കിയ ക്യാച്ച് ഹാന്‍ഡ്സ്കോമ്പ് കൈവിട്ടിരുന്നു. പിന്നീട് 46 റണ്‍സെടുത്താണ് കോലി പുറത്തായത്.

 ശീഖര്‍ ധവാന്‍ പുറത്തായശേഷം ക്രീസിലെത്തിയ എം എസ് ധോണിയാകട്ടെ സ്റ്റാന്‍ലേക്കിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ പോയന്റില്‍ നല്‍കിയ അനായാസ ക്യാച്ച് മാക്സ്‌വെല്‍ നിലത്തിട്ടത് ഓസീസ് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ പോലുമായില്ല. ഓസീസ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് മാക്സ്‌വെല്‍. അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 59ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു. ആ സമയം ധോണി കൂടി പുറത്തായിരുന്നെങ്കില്‍ ഇന്ത്യ കനത്ത സമ്മര്‍ദ്ദത്തിലായേനെ.

സ്കോര്‍ 73ല്‍ നില്‍ക്കെ വിരാട് കോലിയെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം ഓസീസ് ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ ധോണിയെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരവും ഓസീസ് പാഴാക്കി. കോലി പുറത്തായെങ്കിലും ധോണി ഇപ്പോഴും ക്രീസിലുള്ളത് ഓസീസിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.