Asianet News MalayalamAsianet News Malayalam

പെര്‍ത്തിലെ പിച്ച് ഇന്ത്യക്ക് പണി തരുമോ ?; ഓസീസ് ഇതിഹാസം പറയുന്നത്

ഓസീസ് ഇതിഹാസം ഡീന്‍ ജോണ്‍സ് പറയുന്നത് പെര്‍ത്തിലെ ഡ്രോപ് ഇന്‍ പിച്ച് അതിവേഗക്കാരെയും സ്പിന്നേഴ്സിനെയും ഒരുപോലെ തുണക്കുമെന്നാണ്. ഒപ്പം പേസ് ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിഗും ലഭിക്കും.

India vs Australia Dean Jones reveals how the wicket for Perth Test will be like
Author
Perth WA, First Published Dec 10, 2018, 10:25 PM IST

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ ഇന്ത്യ വിജയത്തുടക്കമിട്ടതോടെ ഡിസംബര്‍ 14ന് പെര്‍ത്തില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പിച്ചിന്റെ സ്വഭാവത്തെച്ചൊല്ലിയാണ് ഇപ്പോള്‍ ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ വിക്കറ്റായിരുന്നു പെര്‍ത്തിലേത്.

പേസ് ബൗളര്‍മാരുടെ മൂളിപ്പറക്കുന്ന പന്തുകള്‍ക്ക് മുന്നില്‍ ബാറ്റ്സ്മാന്‍മാര്‍ മുട്ടിടിച്ചു നില്‍ക്കുന്ന പിച്ച്. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ പെര്‍ത്തും മറ്റ് പിച്ചുകള്‍പോലെ വേഗം കുറഞ്ഞ് സാധാരണ പിച്ചുകള്‍പോലെയായി. എന്നാല്‍ ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് നടക്കുന്നത് പെര്‍ത്തിലെ നവീകരിച്ച സ്റ്റേഡിയത്തിലാണ്. ഡ്രോപ് ഇന്‍ പിച്ച് ആണ് ഇവിടെ പുതുതായി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പിച്ചിന്റെ സ്വഭാവം എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇരുടീമുകള്‍ക്കും ആശങ്കയുണ്ട്.

എന്നാല്‍ ഓസീസ് ഇതിഹാസം ഡീന്‍ ജോണ്‍സ് പറയുന്നത് പെര്‍ത്തിലെ ഡ്രോപ് ഇന്‍ പിച്ച് അതിവേഗക്കാരെയും സ്പിന്നേഴ്സിനെയും ഒരുപോലെ തുണക്കുമെന്നാണ്. ഒപ്പം പേസ് ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിഗും ലഭിക്കും. ഈ വര്‍ഷം ജനുവരിയിലാണ് പെര്‍ത്തിലെ വാക്ക സ്റ്റേഡിയം നവീകരിച്ചത്. ഇതിനുശേഷം നടക്കുന്ന ആദ്യ ടെസ്റ്റാണ് വരാനിരിക്കുന്നത്.

ഓസ്ട്രേലിയ-ഇംഗ്ലണ്ട് ഏകദിന മത്സരമാണ് ഇതിന് മുമ്പ് ഇവിടെ നടന്നത്. അന്ന് ഇംഗ്ലണ്ട് 12 റണ്‍സിന് ജയിച്ചു. പെര്‍ത്തില്‍ മുമ്പ് അനില്‍ കുംബ്ലെയുടെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടുണ്ട്. പേസ് ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിംഗ് ലഭിക്കുകയാണെങ്കില്‍ ഓസീസ് നിരയിലെ മിച്ചല്‍ സ്റ്റാര്‍ക്കായിരിക്കും ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാകുക.

Follow Us:
Download App:
  • android
  • ios