മെല്‍ബണ്‍: മെല്‍ബണില്‍ ജയവും പരമ്പരയും കൈവിട്ടതില്‍ ഓസ്ട്രേലിയക്ക് സ്വയം പഴിക്കാം. ക്യാപ്റ്റന്‍ വിരാട് കോലിയെ തുടക്കത്തിലെ വിട്ടു കളഞ്ഞ ഓസീസ് ധോണിയെ പുറത്താക്കാനുള്ള അവസരം നഷ്ടമാക്കിയത് ഒന്നല്ല, മൂന്നുതവണ.

നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി നല്‍കിയ അനായാസ ക്യാച്ച് പോയന്റില്‍ ഗ്ലെന്‍ മാക്സ്‌വെല്‍ നിലത്തിട്ടിരുന്നു. അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 59ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു.സ്കോര്‍ 73ല്‍ നില്‍ക്കെ വിരാട് കോലിയെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം ഓസീസ് ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയതിന് പിന്നാലെ ധോണിയെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരവും ഓസീസ് കളഞ്ഞുകുളിച്ചു.

ടീം സ്കോര്‍ 109ല്‍ നില്‍ക്കെ പീറ്റര്‍ സിഡിലിന്റെ പന്ത് ധോണിയുടെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുടെ കൈകളിലെത്തിയെങ്കിലും സിഡിലോ കാരിയോ കാര്യമായി അപ്പീല്‍ ചെയ്തില്ല. എന്നാല്‍ റീപ്ലേകളില്‍ ധോണിയുടെ ബാറ്റിലുരസിയാണ് പന്ത് പോയതെന്ന് വ്യക്തമായിരുന്നു. 114 പന്തില്‍ 87 റണ്‍സെടുത്ത ധോണി ഇന്ത്യയുടെ വിജയശില്‍പിയായപ്പോള്‍ കൈവിട്ട അവസരങ്ങള്‍ക്ക് ഓസീസ് നല്‍കേണ്ടിവന്നത് വലിയ വില.