മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായി. 46 റണ്‍സെടുത്ത കോലി ജെ റിച്ചാര്‍ഡ്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 32 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സോടെ ധോണിയും രണ്ട് റണ്ണുമായി കേദാര്‍ ജാദവും ക്രീസില്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി നല്‍കിയ അനായാസ ക്യാച്ച് ഗ്ലെന്‍ മാക്സ്‌വെല്‍ കൈവിട്ടിരുന്നു.

രോഹിത് ശര്‍മ, ശീഖര്‍ ധവാന്‍ എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നേരത്തെ നഷ്ടമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സുള്ളപ്പോള്‍ ഒമ്പത് റണ്ണെടുത്ത് രോഹിത് ശര്‍മ മടങ്ങി. മിഡില്‍ സ്റ്റംപ് ലക്ഷ്യമാക്കി വന്ന പന്ത മിഡ് വിക്കറ്റിലൂടെ ബൗണ്ടറി അടിക്കാനുള്ള ശ്രമം പാളുകയായിരുന്നു. ബാറ്റില്‍ തട്ടി ഒന്നാം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷോണ്‍ മാര്‍ഷിന്റെ കൈകളിലേക്ക്. അധികം വൈകാതെ ധവാന്‍, സ്‌റ്റോയിനിസിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. 46 പന്തില്‍ 23 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.

നേരത്തെ, യൂസ്‌വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളങ്ങിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയയെ 230ന് ഒതുക്കിയിരുന്നു. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ ചാഹലിന്റെ പ്രകടനത്തില്‍ തകര്‍ത്ത ഓസീസ് 48.4 ഓവറില്‍ 230ന് എല്ലാവരും പുറത്തായി. ഭുവേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഏകദിനത്തില്‍ ചാഹലിന്റെ മികച്ച പ്രകടനമാണിത്. 58 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് ഏകദിന പരമ്പരയും സ്വന്തമാക്കാം.