മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം ജയിച്ചാല്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഓസീസിസില്‍ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന നേട്ടമാണ് കോലിപ്പടയെ കാത്തിരിക്കുന്നത്. രണ്ട് മാറ്റങ്ങളുമായി ഓസ്ട്രേലിയ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടെ അന്തിമ ഇലവനെ നാളെ രാവിലെ ടോസിന് മുമ്പ് മാത്രമെ പ്രഖ്യാപിക്കൂ.

ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സ്പിന്നര്‍ രവീന്ദ്ര ജഡേജക്ക് പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. മെല്‍ബണിലെ വലിയ ബൗണ്ടറികള്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് കിട്ടാന്‍ സാധ്യത കൂട്ടുമെന്നതിനാല്‍ രണ്ടാം മത്സരത്തില്‍ നിറം മങ്ങിയ മുഹമ്മദ് സിറാജിന് പകരം യുസ്‌വേന്ദ്ര ചാഹലിനെയും ഇന്ത്യ കളിപ്പിച്ചേക്കും. കുല്‍ദീപ് യാദവ് ടീമില്‍ തുടരും.

ബാറ്റിംഗ് നിരയില്‍ അംബാട്ടി റായിഡുവിന്റെ ഫോം മാത്രമാണ് ഇന്ത്യക്ക് തലവേദനായകുന്നത്. റായിഡുവിന് പകരം കേദാര്‍ ജാദവിനെ കളിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഓപ്പണിംഗില്‍ ശീഖര്‍ ധവാനും ഫോമിലാവേണ്ടത് അനിവാര്യമാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ജയിച്ച ഇന്ത്യയും ഓസ്ട്രേലിയയും ഇപ്പോള്‍ പരമ്പരയില്‍ 1-1 തുല്യത പാലിക്കുകയാണ്. മെല്‍ബണില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാവും.