ഫിനിഷറെന്ന നിലയില്‍ കളി ജയിപ്പിക്കുക എന്നതാണ് സ്റ്റോയിനസിന്റെ ഉത്തരവാദിത്തം. പാണ്ഡ്യക്കും ഇതേ ഉത്തരവാദിത്തമാണ് ഉള്ളതെങ്കിലും നിലവില്‍ പാണ്ഡ്യയേക്കാള്‍ മികവ് കാട്ടുന്നത് സ്റ്റോയിനസാണെന്നും ഹെയ്ഡന്‍ പറഞ്ഞു.

മുംബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയെക്കാള്‍ മികവുളള കളിക്കാരനാണ് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസെന്ന് മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. പാണ്ഡ്യ മികച്ച കളിക്കാരനാണെങ്കിലും സ്റ്റോയിനസിനോളം മികവ് പുറത്തെടുത്തിട്ടില്ലെന്നും ഹെ്ഡന്‍ പറഞ്ഞു.

സ്റ്റോയിനസിന് ടെസ്റ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണ്. ഫിനിഷറെന്ന നിലയില്‍ കളി ജയിപ്പിക്കുക എന്നതാണ് സ്റ്റോയിനസിന്റെ ഉത്തരവാദിത്തം. പാണ്ഡ്യക്കും ഇതേ ഉത്തരവാദിത്തമാണ് ഉള്ളതെങ്കിലും നിലവില്‍ പാണ്ഡ്യയേക്കാള്‍ മികവ് കാട്ടുന്നത് സ്റ്റോയിനസാണെന്നും ഹെയ്ഡന്‍ പറഞ്ഞു.

ഇന്ത്യക്കെതിരായ പരമ്പരയില്‍ പാറ്റ് കമിന്‍സിന്റെ ഷോര്‍ട്ട് പിച്ച് പന്തുകളും റിവേഴ്സ് സ്വിംഗും ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാനെ വെളളം കുടിപ്പിക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞു. ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്റെ മികവിനെ പുകഴ്ത്താനും ഹെയ്ഡന്‍ മറന്നില്ല. വരുന്ന പരമ്പരയില്‍ ചാഹല്‍ ഓസ്ട്രേലിയന്‍ മധ്യനിരയ്ക്ക് തലവേദന സൃഷ്ടിക്കുമെന്നും ഹെയ്ഡന്‍ വ്യക്തമാക്കി. മാക്‌വെല്‍-ചാഹല്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്റേറ്ററായി ഇന്ത്യയിലെത്തിയ ഹെയ്ഡന്‍ പറഞ്ഞു.