തലയരിഞ്ഞിട്ടും വാലറുക്കാന്‍ കഴിയാത്ത ഇന്ത്യന്‍ ബൗളിംഗ് നിരയുടെ പിടിപ്പുകേടാണ് മെല്‍ബണിലെ വിജയം ഇപ്പോള്‍ സംശയത്തിലാക്കിയിരിക്കുന്നത്. നാലാം ദിനം തന്നെ അവസാന രണ്ട് വിക്കറ്റ് വീഴ്ത്തി ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്

മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ അഞ്ചാം ദിനത്തിലെ ആദ്യ സെഷന്‍ മുഴുവന്‍ നഷടപ്പെടുത്തിയ മഴ മേഘങ്ങള്‍ മെല്‍ബണില്‍ നിന്ന് ഒഴിഞ്ഞു. ആദ്യ സെഷന്‍ പൂര്‍ണമായി നഷ്ടമായെങ്കിലും 7.20ഓടെ കളി പുനരാരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. ഓസീസിന് വിജയിക്കാന്‍ ഇനി വേണ്ടത് 138 റണ്‍സാണ്.

63 റണ്‍സുമായി കമിന്‍സ് ഓസീസിന്റെ ടോപ് സ്കോററായി ക്രീസിലുണ്ട്. ഏഴ് റണ്‍സുമായി ലിയോണും. കമിന്‍സും സ്റ്റാര്‍ക്കും ലിയോണും ചേര്‍ന്ന് 25 ഓവറാണ് ഇതുവരെ പ്രതിരോധിച്ച് നിന്നത്. അതുകൊണ്ട് ഇനി മഴ പെയ്യും മുമ്പ് രണ്ട് വിക്കറ്റുകള്‍ അതിവേഗം വീഴ്തത്തുക എന്ന ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ഓസീസിന്റെ അവസാന അംഗീകൃത ബാറ്റ്സാമാനായ ടിം പെയ്നിന്റെ വിക്കറ്റ് 176 റണ്‍സില്‍ വീണെങ്കില്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും ചേര്‍ന്ന് ഓസീസ് സ്കോര്‍ 258 റണ്‍സിലെത്തിച്ചാണ് നാലാം ദിനം ക്രീസ് വിട്ടത്. തലയരിഞ്ഞിട്ടും വാലറുക്കാന്‍ കഴിയാത്ത ഇന്ത്യന്‍ ബൗളിംഗ് നിരയുടെ പിടിപ്പുകേടാണ് മെല്‍ബണിലെ വിജയം ഇപ്പോള്‍ സംശയത്തിലാക്കിയിരിക്കുന്നത്.

നാലാം ദിനം തന്നെ അവസാന രണ്ട് വിക്കറ്റ് വീഴ്ത്തി ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. മെല്‍ബണില്‍ ടെസ്റ്റിന്റെ നാലും അഞ്ചും ദിവസങ്ങളില്‍ മഴ പെയ്യുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും നാലാം ദിനം മഴ ഒഴിഞ്ഞു നിന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ.

മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വീതം വിക്കറ്റ് നേടിയ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സായപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ട് ഇന്നിങ്സിലും ഒന്നാകെ 398 ലീഡാണ് ഇന്ത്യ നേടിയത്. ഈ ടെസ്റ്റ് വിജയിച്ചാല്‍ പരമ്പരയില്‍ ഇന്ത്യക്ക് 2-1ന് മുന്നിലെത്താം.