പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണം മനസിനെ അസ്വസ്ഥമാക്കുന്നതാണെന്നും നമ്മള്‍ സുഖമായി ഉറങ്ങുന്നത് സൈനികര്‍ അതിര്‍ത്തിയില്‍ ഉറക്കമൊഴിഞ്ഞ് കാവല്‍ നില്‍ക്കുന്നത് കൊണ്ടാണെന്നും ഷമി പറഞ്ഞു. 

ദില്ലി: പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കായി ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ ജയിക്കുമെന്ന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ജയത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും ജയം സൈനികര്‍ക്ക് സമര്‍പ്പിക്കുമെന്നും ഷമി ഇന്ത്യ ടിവിയോട് പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഷമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണം മനസിനെ അസ്വസ്ഥമാക്കുന്നതാണെന്നും നമ്മള്‍ സുഖമായി ഉറങ്ങുന്നത് സൈനികര്‍ അതിര്‍ത്തിയില്‍ ഉറക്കമൊഴിഞ്ഞ് കാവല്‍ നില്‍ക്കുന്നത് കൊണ്ടാണെന്നും ഷമി പറഞ്ഞു.

അവരുടെ കുടുംബത്തിനായി കഴിയുന്നതെല്ലാം ചെയ്യുക എന്നത് മാത്രമാണ് നമുക്കിപ്പോള്‍ ചെയ്യാനുള്ളത്. അവര്‍ നമുക്കായി ചെയ്യുന്ന സേവനങ്ങള്‍ക്ക് കഴിവിന്റെ പരമാവധി തിരിച്ചു നല്‍കുക എന്നത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഷമി പറഞ്ഞു.

ഷമിക്ക് പുറമെ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീര്‍, ശീഖര്‍ ധവാന്‍, വീരേന്ദര്‍ സെവാഗ് എന്നിവരും പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു.