വലിയ പരമ്പരകളില്‍ തുടര്‍ച്ചയായി പരിക്കേറ്റാല്‍ അശ്വിന് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന സ്ഥാനത്ത് ഇരിക്കാനാവില്ല. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഇപ്പോഴിതാ ഓസ്ട്രേലിയയിലും പരമ്പരക്കിടെ അശ്വിന് പരിക്കേറ്റു.

മെല്‍ബണ്‍: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതില്‍ ആശങ്ക പങ്കുവെച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. അശ്വിന്‍ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തില്‍ ഗാംഗുലി വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളിച്ച അശ്വിന് പരിക്കിനെത്തുടര്‍ന്ന് അടുത്ത രണ്ട് ടെസ്റ്റുകളിലും കളിക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗാംഗുലിയുടെ വിമര്‍ശനം. അശ്വിന്റെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. വലിയ പരമ്പരകളില്‍ തുടര്‍ച്ചയായി പരിക്കേറ്റാല്‍ അശ്വിന് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന സ്ഥാനത്ത് ഇരിക്കാനാവില്ല. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഇപ്പോഴിതാ ഓസ്ട്രേലിയയിലും പരമ്പരക്കിടെ അശ്വിന് പരിക്കേറ്റു. ഇടം കൈയന്‍മാര്‍ക്കെതിരെ പന്തെറിയാന്‍ അശ്വിന്റെ സേവനം ടീമിന് ആവശ്യമുണ്ട്. എന്നാല്‍ പെരുമയ്ക്കൊത്ത പ്രകടനമല്ല അശ്വിനില്‍ നിന്നുണ്ടാവുന്നത്-ഗാംഗുലി പറഞ്ഞു.

ഈ വര്‍ഷം ഇന്ത്യ വിദേശത്ത് കളിച്ച 11 ടെസ്റ്റുകളില്‍ നാലെണ്ണവും അശ്വിന് നഷ്ടമായിരുന്നു. ഇതില്‍ മൂന്നെണ്ണത്തിലും പരിക്കിനെത്തുടര്‍ന്നാണ് നഷ്ടമായത്. അശ്വിന്റെ പരിക്ക് ഭേദമാവാത്തതിനാല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ രവീന്ദ്ര ജഡേജയെ ആണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.