ഹൈദരാബാദ്: രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന നേട്ടം ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മാത്രം സ്വന്തമാണ്. എന്നാല്‍ നിലവിലെ ഫോമും ശാരീരികക്ഷമതയും നിലനിര്‍ത്തിയാല്‍ കോലിയും രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികയ്ക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍.

വിരാട് കോലിയുടെ ബാറ്റിംഗിലെ സ്ഥിരത അതുല്യമാണ്. സ്ഥിരതയുടെ കാര്യത്തില്‍ അദ്ദേഹം ഇതിഹാസങ്ങളായ തന്റെ മുന്‍ഗാമികളേക്കാള്‍ ഏറെ മുന്നിലാണ്. കോലി സെഞ്ചുറി അടിക്കുന്ന കളികള്‍ ഇന്ത്യ വളരെ അപൂര്‍വമായെ തോല്‍ക്കാറുള്ളു. നിലവിലെ ഫോമും ശാരീരികക്ഷമതയും നിലനിര്‍ത്തിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ കോലി 100 സെഞ്ചുറികള്‍ തികയ്ക്കുന്ന കാലം വിദൂരമല്ല-അസ്ഹര്‍ പറഞ്ഞു.

അഡ്‌ലെയ്ഡ് ഏകദിനത്തിലെ ധോണിയുടെ പ്രകടനത്തെയും മുന്‍ നായകന്‍ പ്രശംസിച്ചു. കോലിയുടെയും കാര്‍ത്തിക്കിന്റെയും ഇന്നിംഗ്സുകളാണ് ധോണിയുടെ ഫിനിഷിംഗ് അനായാസമാക്കിയത്. ഇന്ത്യയുടെ മുന്‍നിരയിലെ മൂന്ന് പേര്‍ തിളങ്ങിയാല്‍ നമ്മള്‍ അനായാസം ജയിക്കും. നിര്‍ഭാഗ്യവശാല്‍ ആദ്യ മത്സരത്തില്‍ രോഹിത് തിളങ്ങിയെങ്കിലും നമുക്ക് പൊടുന്നനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ രണ്ടാം മത്സരത്തില്‍ കോലിയും ധോണിയും കാര്‍ത്തിക്കും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനവും വളരെ മികച്ചതായിരുന്നുവെന്നും അസ്‌ഹര്‍ പറഞ്ഞു.