Asianet News MalayalamAsianet News Malayalam

പിഴച്ചത് ധര്‍മസേനക്കോ; കോലിയുടെ ക്യാച്ചിനെച്ചൊല്ലി വിവാദം

ഓണ്‍ ഫീല്‍ഡ് അമ്പയര്‍ കുമാര ധര്‍മസേനയുടെ തീരുമാനം ഔട്ടാണെന്നായിരുന്നു. റീപ്ലേകള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ക്കും പന്ത് നിലത്ത് തട്ടിയിരുന്നോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ചു.

India vs Australia Virat Kohlis Dismissal Sparks Debate
Author
Perth WA, First Published Dec 16, 2018, 4:11 PM IST

പെര്‍ത്ത്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ലീഡ് പ്രതീക്ഷകള്‍ തകര്‍ത്തത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പുറത്താകലായിരുന്നു. 123 റണ്‍സെടുത്ത കോലി വീണതോടെ ഇന്ത്യന്‍ വാലറ്റം വലിയ പോരാട്ടമൊന്നുമില്ലാതെ കീഴടങ്ങുകയും ചെയ്തു. കോലിയും പന്തും ചേര്‍ന്ന് ഇന്ത്യയെ ലീഡിലേക്ക് നയിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് പാറ്റ് കമിന്‍സിന്റെ പന്തില്‍ കോലിയെ സെക്കന്‍ഡ് സ്ലിപ്പില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് പിടികൂടിയത്.

എന്നാല്‍ ക്യാച്ചെടുക്കുന്നതിന് മുമ്പ് പന്ത് നിലത്ത് കുത്തിയിയിരുന്നോ എന്ന് സംശയമുണ്ടായിരുന്നതിനാല്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടു. പക്ഷേ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ കുമാര ധര്‍മസേനയുടെ തീരുമാനം ഔട്ടാണെന്നായിരുന്നു. റീപ്ലേകള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ക്കും പന്ത് നിലത്ത് തട്ടിയിരുന്നോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ചു.

റീപ്ലേകളില്‍ ഹാന്‍ഡ്‌സ്‌കോംബ് ക്യാച്ച് പൂര്‍ത്തിയാക്കും മുമ്പ് പന്ത് നിലത്ത് പിച്ച് ചെയ്തതായി തോന്നുന്നുണ്ടെങ്കിലും ഉറപ്പില്ലാത്തതിനാല്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെക്കുക മാത്രമെ മൂന്നാം അമ്പയര്‍ക്ക് ചെയ്യാനാവു. ഈ സാഹചര്യത്തില്‍ ഉറപ്പില്ലാത്ത ക്യാച്ചില്‍ ധര്‍മസേനയുടെ ഔട്ട് വിളിയാണ് കോലിയുടെ പുറത്താകലില്‍ നിര്‍ണായകമായതെന്ന് വ്യക്തം. ഇതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയിലും തര്‍ക്കം തുടരുകയാണ്.

മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് പറയുന്നത് അത് ക്ലീന്‍ ക്യാച്ചാണെന്നാണ്. ഹാന്‍ഡ്സ്കോംബിന്റെ ആത്മവിശ്വാസവും അത് തന്നെയാണ് പറയുന്നതെന്ന് പോണ്ടിംഗ് പറഞ്ഞപ്പോള്‍ അത് ക്ലീന്‍ ക്യാച്ചാണോ എന്ന് ഉറപ്പില്ലെന്നായിരുന്നു മൈക് ഹസിയുടെ പ്രതികരണം. എങ്കിലും ഹാന്‍ഡ്സ്കോംബിനെ അവിശ്വസിക്കുന്നില്ലെന്നും ഹസി പറഞ്ഞു. എന്നാല്‍ ഔട്ടല്ലെന്ന് പറയാനുള്ള തെളിവ് മൂന്നാം അമ്പയര്‍ക്ക് റീപ്ലേകളില്‍ കിട്ടിയില്ലെങ്കില്‍ ആദ്യം ഔട്ടാണെന്ന് ധര്‍മസേന എങ്ങനെ വ്യക്തമായി പറഞ്ഞുവെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ചോദിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios