ഗോളി ഗുര്‍പ്രീതിന്‍റെ സേവുകളും പ്രതിരോധവും ആദ്യ പകുതിയില്‍ ഇന്ത്യയുടെ മാനം കാത്തു. 45 മിനുറ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഗോളടിക്കാതെ ഇരു ടീമുകള്‍...

ബീജിംഗ്: ചരിത്ര പോരാട്ടത്തില്‍ ചൈനയെ ആദ്യ പകുതിയില്‍ ഗോള്‍മുഖത്തേക്ക് വെടിപൊട്ടിക്കാന്‍ അനുവദിക്കാതെ ഇന്ത്യ. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്‍റെ കിടിലന്‍ സേവുകളും വിള്ളല്‍ വീഴാത്ത പ്രതിരോധവുമാണ് ഇന്ത്യയെ കാത്തത്. എന്നാല്‍ ഇരുടീമുകളും ഗോളെന്നുറച്ച അവസരങ്ങള്‍ കളഞ്ഞുകുളിക്കുകയും ചെയ്തു. 4-2-2-2 ഫോര്‍മേഷനില്‍ ഇറങ്ങിയ ഇന്ത്യ മലയാളി താരം അനസ് എടത്തൊടികയെ ആദ്യ പകുതിയില്‍ കളിപ്പിച്ചില്ല. 

സ്വന്തം മൈതനത്തിന്‍റെ മുതലെടുത്തായിരുന്നു ചൈനീസ് ആയുധങ്ങള്‍ പ്രഹരം തുടങ്ങിയത്. എന്നാല്‍ നീക്കങ്ങള്‍ വലയിലേക്ക് തിരിച്ചുവിടാന്‍ ചൈന മറന്നു. 13-ാം മിനുറ്റില്‍ ചൈനീസ് ഗോള്‍മുഖത്ത് ഇന്ത്യ ആദ്യ ഗോള്‍നീക്കം നടത്തിയെങ്കിലും പാളി. 15-ാം മിനുറ്റില്‍ ചൈനീസ് താരം തൊടുത്ത മിസൈല്‍ ഹെഡര്‍ ഗുര്‍പ്രീത് സാഹസികമായി തടുത്തു. 24-ാം മിനുറ്റില്‍ വീണ്ടും ഒരിക്കല്‍ കൂടി ഗുര്‍പ്രീതിന്‍റെ കാലുകള്‍ ഇന്ത്യയ്ക്ക് രക്ഷയായി. 

28-ാം മിനുറ്റില്‍ മറ്റൊരു അവസരം കോട്ടാലിലൂടെ ഇന്ത്യ നഷ്ടപ്പെടുത്തി. പിന്നാലെ നാരായണ്‍ ദാസിന്‍റ രണ്ട് ക്രോസുകള്‍ക്ക് സഹതാരങ്ങളെ കണ്ടുപിടിക്കാനായില്ല. 43-ാം മിനുറ്റില്‍ മറ്റൊരു നീക്കം അശ്രദ്ധയില്‍ ഇല്ലാതാക്കിയതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. ഒരു മിനുറ്റിന്‍റെ ഇഞ്ചുറിടൈമിലും ഇന്ത്യയ്ക്ക് വലചലിപ്പിക്കാനായില്ല. ചൈന ഗുര്‍പ്രീതിന്‍റെ കൈവലയില്‍ വീഴുകയും ചെയ്തു.