റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനക്കെതിരെ ഇന്ത്യയ്ക്ക് സമനില. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗിന്‍റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയെ തുണച്ചു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വിജയിക്കാമായിരുന്നു... 

ബീജിംഗ്: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ചൈനീസ് പടയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ജിംഗാന്‍റെ നീലപ്പട്ടാളം. ഇരുടീമുകളും നിരവധി ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്‍റെ മിന്നും സേവുകളാണ് ചൈനയെ ഇന്ത്യന്‍ മതിലിനുള്ളില്‍ കടക്കാന്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ ആദ്യമായി വിജയിച്ച് ചൈനീസ് മണ്ണില്‍ കൊടിപാറിക്കാന്‍ ജിംഗാനും സംഘത്തിനുമായില്ല. ഇന്ത്യയും ചൈനയും 18 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറാം സമനിലയാണിത്. 

ആദ്യ പകുതി

ചരിത്ര പോരാട്ടത്തില്‍ ചൈനയെ ആദ്യ പകുതിയില്‍ ഗോള്‍മുഖത്തേക്ക് വെടിപൊട്ടിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്‍റെ കിടിലന്‍ സേവുകളും വിള്ളല്‍ വീഴാത്ത പ്രതിരോധവുമാണ് ഇന്ത്യയെ കാത്തത്. സ്വന്തം മൈതാനത്തിന്‍റെ മുതലെടുത്തായിരുന്നു ചൈനീസ് ആയുധങ്ങള്‍ പ്രഹരം തുടങ്ങിയത്. എന്നാല്‍ നീക്കങ്ങള്‍ വലയിലേക്ക് തിരിച്ചുവിടാന്‍ ചൈന മറന്നു. 13-ാം മിനുറ്റില്‍ ചൈനീസ് ഗോള്‍മുഖത്ത് ഇന്ത്യ ആദ്യ ഗോള്‍നീക്കം നടത്തിയെങ്കിലും പാളി. 15-ാം മിനുറ്റില്‍ ചൈനീസ് താരം തൊടുത്ത മിസൈല്‍ ഹെഡര്‍ ഗുര്‍പ്രീത് സാഹസികമായി തടുത്തു. 

ഇരുപത്തിനാലാം മിനുറ്റില്‍ വീണ്ടും ഒരിക്കല്‍ കൂടി ഗുര്‍പ്രീതിന്‍റെ കാലുകള്‍ ഇന്ത്യയ്ക്ക് രക്ഷയായി. 28-ാം മിനുറ്റില്‍ മറ്റൊരു അവസരം കോട്ടാലിലൂടെ ഇന്ത്യ നഷ്ടപ്പെടുത്തി. പിന്നാലെ നാരായണ്‍ ദാസിന്‍റ രണ്ട് ക്രോസുകള്‍ക്ക് സഹതാരങ്ങളെ കണ്ടുപിടിക്കാനായില്ല. 43-ാം മിനുറ്റില്‍ മറ്റൊരു നീക്കം അശ്രദ്ധയില്‍ ഇല്ലാതാക്കിയതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. ഒരു മിനുറ്റിന്‍റെ ഇഞ്ചുറിടൈമിലും ഇന്ത്യയ്ക്ക് വലചലിപ്പിക്കാനായില്ല. ചൈന ഗുര്‍പ്രീതിന്‍റെ കൈവലയില്‍ വീഴുകയും ചെയ്തു. 

രണ്ടാം പകുതി

ആദ്യ പകുതിയുടെ തുടര്‍ച്ച ഓര്‍മ്മിപ്പിച്ച് ചൈന മിന്നലാക്രമണം തുടങ്ങി. എന്നാല്‍ 56-ാം മിനുറ്റില്‍ ഇന്ത്യയുടെ ബ്ലാസ്റ്റേഴ്‌സ് താരം നര്‍സാരിയുടെ പാസില്‍ ലീഡുറപ്പിക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉദാന്ത സിംഗ് ബാറിന് മുകളിലൂടെ പറത്തി. 63-ാം മിനുറ്റില്‍ പ്രതിരോധതാരം നാരായണ്‍ ദാസിന് പകരക്കാരനായി മലയാളി താരം അനസ് എടത്തൊടികയെ ഇന്ത്യ ഇറക്കി. ഗോളവസരം നഷ്ടപ്പെടുത്തിയ ഉദാന്തയെ തൊട്ടുപിന്നാലെ പിന്‍വലിച്ച് നിഖില്‍ പൂജാരിക്കും അവസരം നല്‍കി. ഇന്ത്യയ്ക്ക് വീണ്ടും ഭീഷണി സൃഷ്ടിച്ച് 67-ാം മിനുറ്റില്‍ ചൈനയുടെ ക്ലോസ് ഹെഡര്‍ പറന്നെങ്കിലും ബാറിനെ ഉരുമി പുറത്തുപോയി. 

76-ാം മിനുറ്റില്‍ ഇന്ത്യന്‍ പെനാല്‍റ്റി ബോക്സിലെ കൂട്ടപ്പൊരിച്ചില്‍ ഗോളാകാതിരുന്നത് ഭാഗ്യത്തിനാണ്. 86-ാം മിനുറ്റില്‍ വീണ്ടും ഗുര്‍പ്രീത് ചൈനയ്ക്ക് മുന്നില്‍ മതില്‍കെട്ടി. 85-ാം മിനുറ്റില്‍ കോട്ടാലിന്‍റെ കയ്യില്‍ പന്ത് തട്ടയതിന് പെനാല്‍റ്റിക്കായി ചൈനീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി മുഖംതിരിച്ചു. ഇഞ്ചുറിടൈമില്‍ ഥാപ്പയെ വലിച്ച് റൗളിന് കോണ്‍സ്റ്റന്‍റൈന്‍ അവസരം നല്‍കി. പിന്നാലെ കണ്ടതും ടീമുകള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത്. ഒടുവില്‍ ചൈനക്കെതിരെ 18 മത്സരങ്ങളില്‍ ഒരു ജയം പോലുമില്ലാതെ ഇന്ത്യയ്ക്ക് മടക്കം.