ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അലിസ്റ്റര്‍ കുക്കിനെ ക്ലീന്‍ ബൗള്‍ഡാക്കിയതിലൂടെ ആര്‍ അശ്വിനെ തേടിയെത്തിയത് അപൂര്‍വനേട്ടം. ഏഷ്യക്ക് പുറത്ത് ഒരു ഇന്ത്യന്‍ സ്പിന്നര്‍ എതിര്‍ ടീമിന്റെ ആദ്യ വിക്കറ്റ് നേടുന്നത് 11 വര്‍ഷത്തിനിടെ ആദ്യമായാണ്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അലിസ്റ്റര്‍ കുക്കിനെ ക്ലീന്‍ ബൗള്‍ഡാക്കിയതിലൂടെ ആര്‍ അശ്വിനെ തേടിയെത്തിയത് അപൂര്‍വനേട്ടം. ഏഷ്യക്ക് പുറത്ത് ഒരു ഇന്ത്യന്‍ സ്പിന്നര്‍ എതിര്‍ ടീമിന്റെ ആദ്യ വിക്കറ്റ് നേടുന്നത് 11 വര്‍ഷത്തിനിടെ ആദ്യമായാണ്. 2007ല്‍ ഓസ്ട്രേലിയയുടെ ഫില്‍ ജാക്വസിനെ പുറത്താക്കിയ അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പമാണ് അശ്വിനുമെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ സ്പിന്നര്‍ ഈ നേട്ടം കൈവരിക്കുന്നതാകട്ടെ 32 വര്‍ഷത്തിനുശേഷവും. 1986ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ടിം റോബിന്‍സണെ പുറത്താക്കിയ മനീന്ദര്‍ സിംഗാണ് അശ്വിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍. കഴിഞ്ഞ 12 തവണ കളിച്ചതില്‍ കുക്കിനെ എട്ടാം തവണയാണ് അശ്വിന്‍ വീഴ്ത്തുന്നത്.

അശ്വിനെ ഈ നേട്ടത്തിലെത്തിച്ചതാകട്ടെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ധീരമായ തീരുമാനവും. ഇംഗ്ലണ്ടിനെതിരായ ടോസ് നേടിയാല്‍ ബൗളിംഗ് തെരഞ്ഞെടുക്കാനായിരുന്നു കോലി പദ്ധയിട്ടിരുന്നത്. പേസും മൂവ്മെന്റുമുള്ള പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മികവ് കാട്ടാനാകുമെന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാല്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തതോടെ കോലി ആഗ്രഹിച്ചതുപോലെ തന്നെ നടന്നു.

പക്ഷെ ആദ്യ ആറോവറില്‍ ഉമേഷും ഇഷാന്തും തകര്‍ത്തെറിഞ്ഞിട്ടും വിക്കറ്റൊന്നും വിഴാതിരുന്നതോടെ സ്വാഭാവികമായും മൂന്നാം പേസറായ മുഹമ്മദ് ഷാമിയെ കോലി പന്തേല്‍പ്പിക്കുമെന്നാണ് ഏവരും കരുതിയത്. അല്ലെങ്കില്‍ അഞ്ചാം ബൗളറായ ഹര്‍ദ്ദീക് പാണ്ഡ്യയെ. എന്നാല്‍ കോലി തെരഞ്ഞെടുത്തത് അശ്വിനെ ആയിരുന്നു. അതുകണ്ട് പലരും നെറ്റിചുളിച്ചെങ്കിലും ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് തന്റെ രണ്ടാം ഓവറിലെ നാലാം പന്തില്‍ മനോഹരമായൊരു പന്തിലൂടെ അശ്വിന്‍ കുക്കിന്റെ മിഡില്‍ സ്റ്റമ്പിളക്കി. ഒപ്പം അപൂര്‍വനേട്ടവും സ്വന്തം പേരിലാക്കി.