ട്രെന്റ്ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. പേസ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 329 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 161 റണ്‍സിലൊതുങ്ങി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്ത

നോട്ടിംഗ്ഹാം: ട്രെന്റ്ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. പേസ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 329 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 161 റണ്‍സിലൊതുങ്ങി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്ത ഇന്ത്യ ഈ ടെസ്റ്റില്‍ ജയത്തിലക്ക് ബാറ്റു വീശുകയാണ്. എട്ടു വിക്കറ്റും മൂന്നു ദിവസവും ബാക്കിയിരിക്കെ ഇന്ത്യക്കിപ്പോള്‍ 292 റണ്‍സിന്റെ ആകെ ലീഡുണ്ട്. 33 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും എട്ട് റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ക്രീസില്‍. 44 റണ്‍സെടുത്ത ശീഖര്‍ ധവാന്റെയും 36 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 329 റണ്‍സില്‍ അവസാനിപ്പിച്ചതെന്റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അലിസ്റ്റര്‍ കുക്കും കീറ്റണ്‍ ജെന്നിംഗ്സും ചേര്‍ന്ന് 12 ഓവറില്‍ 54 റണ്‍സടിച്ചു. എന്നാല്‍ കുക്കിനെ(29) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഇഷാന്ത് ശര്‍മ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. തൊട്ടടുത്ത ഓവറില്‍ കീറ്റണ്‍ ജെന്നിംഗ്സിനെ(20)മടക്കി ബൂംമ്ര ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഓലി പോപ്പിനെ(10) മടക്കി ഇഷാന്ത് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിനെ ഞെട്ടിച്ചതോടെ ആതിഥേയര്‍ പ്രതിരോധത്തിലായി.
പിന്നീടായിരുന്നു ഓള്‍ റൗണ്ടര്‍ പദവിക്ക് അര്‍ഹനല്ലെന്ന വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നിന്ന ഹര്‍ദ്ദീക് പാണ്ഡ്യ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.

ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും ഇംഗ്ലണ്ടിനെ ഒരിക്കല്‍ കൂടി കരകയറ്റുമെന്ന് കരുതിയിരിക്കെ റൂട്ടിനെ(16)മടക്കി ഹര്‍ദ്ദീക് പാണ്ഡ്യ ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ചക്ക് തുടക്കമിട്ടു.ജോണി ബെയര്‍സ്റ്റോ(15), ക്രിസ് വോസ്ക്(8), ആദില്‍ റഷീദ്(5), സ്റ്റുവര്‍ട്ട് ബ്രോഡ്(0) എന്നിവരെകൂടി മടക്കി പാണ്ഡ്യ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം ആഘോഷമാക്കിയപ്പോള്‍ പൊരുതിനിന്ന ബട്‌ലറെ ബൂംമ്ര മടക്കി. ആറോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് പാണ്ഡ്യ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യക്കായി ജസ്പ്രീത് ബൂംമ്രയും ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷാമി ഒരു വിക്കറ്റെടുത്തു. 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

നേരത്തെ 307/6 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 329 റണ്‍സില്‍ അവസാനിച്ചിരുന്നു.രണ്ടാം ദിനം 22 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകളും നഷ്‌ടമായി. തലേന്നത്ത സ്കോറിനോട് രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത റിഷഭ് പന്തിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. 24 റണ്‍സായിരുന്നു പന്തിന്റെ സംഭാവന. ബ്രോഡിനായിരുന്നു വിക്കറ്റ്. അശ്വിനെയും(14)ബ്രോഡ് തന്നെ മടക്കിയതോടെ ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു. വാലറ്റക്കാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍, ബ്രോ‍ഡ്, വോക്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.