ട്രെന്റ്ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ്. പേസ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 329 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് 161 റണ്‍സിന് ഓള്‍ ഔട്ടായി. വിമര്‍ശകരുടെ വായടപ്പിച്ച് ഹര്‍ദ്ദീക് പാണ്ഡ്യ ആറോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി
നോട്ടിംഗ്ഹാം: ട്രെന്റ്ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ്. പേസ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 329 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് 161 റണ്‍സിന് ഓള്‍ ഔട്ടായി. വിമര്‍ശകരുടെ വായടപ്പിച്ച് ഹര്‍ദ്ദീക് പാണ്ഡ്യ ആറോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിപ്പോള്‍ ബൂമ്രയും ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷാമി ഒരു വിക്കറ്റെടുത്തു.
39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഓപ്പണിംഗ് വിക്കറ്റില്‍ അലിസ്റ്റര്‍ കുക്കും കീറ്റണ്‍ ജെന്നിംഗ്സും ചേര്‍ന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നല്‍കിയത്. 12 ഓവറില്‍ ഇരുവരും ചേര്‍ന്ന് 54 റണ്‍സടിച്ചു. കുക്കിനെ(29) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഇഷാന്ത് ശര്‍മയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ കീറ്റണ്‍ ജെന്നിംഗ്സിനെ(20)മടക്കി ബൂമ്ര ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഓലി പോപ്പിനെ(10) മടക്കി ഇഷാന്ത് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിനെ ഞെട്ടിച്ചതോടെ ആതിഥേയര്‍ പ്രതിരോധത്തിലായി.
ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും ഇംഗ്ലണ്ടിനെ ഒരിക്കല്‍ കൂടി കരകയറ്റുമെന്ന് കരുതിയെങ്കിലും റൂട്ടിനെ(16)മടക്കി ഹര്‍ദ്ദീക് പാണ്ഡ്യ ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ചക്ക് തുടക്കമിട്ടു.ജോണി ബെയര്‍സ്റ്റോ(15), ക്രിസ് വോസ്ക്(8), ആദില്‍ റഷീദ്(5), സ്റ്റുവര്‍ട്ട് ബ്രോഡ്(0) എന്നിവരെകൂടി മടക്കി പാണ്ഡ്യ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം ആഘോഷമാക്കിയപ്പോള്‍ പൊരുതിനിന്ന ബട്‌ലറെ ബൂമ്ര മടക്കി. മുഹമ്മദ് ഷാമിക്കായിരുന്നു ബെന്‍ സ്റ്റോക്സിന്റെ(10) വിക്കറ്റ്.
നേരത്തെ 307/6 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 329 റണ്‍സില്‍ അവസാനിച്ചിരുന്നു.രണ്ടാം ദിനം 22 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകളും നഷ്‌ടമായി. തലേന്നത്ത സ്കോറിനോട് രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത റിഷഭ് പന്തിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. 24 റണ്‍സായിരുന്നു പന്തിന്റെ സംഭാവന. ബ്രോഡിനായിരുന്നു വിക്കറ്റ്. അശ്വിനെയും(14)ബ്രോഡ് തന്നെ മടക്കിയതോടെ ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു. വാലറ്റക്കാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍, ബ്രോഡ്, വോക്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി
