ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഉപദേശവുമായി ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഉപദേശവുമായി ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ആകുലപ്പെടാതെ താങ്കള്‍ ലക്ഷ്യത്തില്‍ മാത്രം മനസുറപ്പിക്കണമെന്ന് സച്ചിന്‍ കോലിയോട് പറഞ്ഞു. ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു കോലിയെ സച്ചിന്‍ ഉപദേശിച്ചത്.
മുന്നോട്ടുള്ള വഴിയില്‍ ചുറ്റുമുള്ളവരില്‍ നിന്ന് ഒരുപാട് പറയുകയും കേള്‍ക്കുകയുമെല്ലാം ചെയ്യും. എന്നാല്‍ ലക്ഷ്യം നേടാനുള്ള അതിയായ ആഗ്രഹം താങ്കളിലുണ്ടെങ്കില്‍ താങ്കള്‍ക്കത് സാധിക്കും. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിയിലും താങ്കള്‍ക്ക് തല ഉയര്‍ത്തി നില്‍ക്കാം. അതേസമയം, റണ്‍സിനായുള്ള താങ്കളുടെ ദാഹം ഒരിക്കലും അവസാനിപ്പിക്കരുത്.
നേടിയ കാര്യങ്ങളില്‍ നിങ്ങള്‍ സംതൃപ്തനാവുമ്പോഴാണ് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ നിങ്ങളുടെ വീഴ്ച തുടങ്ങുന്നത്. അതുകൊണ്ട് ഒരിക്കലും നേടിയ റണ്‍സിന്റെ കാര്യത്തില്‍ സംതൃപ്തനാവരുത്. ബൗളര്‍മാര്‍ക്ക് 10 വിക്കറ്റ് മാത്രമേ പരമാവധി നേടാനാവു. എന്നാല്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് അങ്ങനെ ഒരു പരിധി ഇല്ല. അതുകൊണ്ട് ഒരിക്കലും സംതൃപ്തനാവരുത്. അതേസമയം സന്തോഷവാനാവൂ എന്നും സച്ചിന്‍ കോലിയോടായി പറഞ്ഞു.
