ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് നാളെ ലോര്‍ഡ്സില്‍ തുടക്കമാകും. ആദ്യ ഇലവനെ കുറിച്ച് കടുത്ത ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. ചേതേശ്വര്‍ പൂജാരയെ തഴഞ്ഞ് കെ എൽ രാഹുലിനെ മൂന്നാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം
ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് നാളെ ലോര്‍ഡ്സില്‍ തുടക്കമാകും. ആദ്യ ഇലവനെ കുറിച്ച് കടുത്ത ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. ചേതേശ്വര്‍ പൂജാരയെ തഴഞ്ഞ് കെ എൽ രാഹുലിനെ മൂന്നാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം, എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് രവിശാസ്ത്രിയും വിരാട് കോലിയും പ്രഖ്യാപിച്ചത്.
നിര്‍ണായകമായ രണ്ടാം ടെസ്റ്റിന് തലേന്നും സമാനമായ ആശയക്കുഴപ്പം ഇന്ത്യന്‍ ടീമിൽ പ്രകടമാണ്. ഇംഗ്ലണ്ടിലെ കടുത്ത ചൂടിൽ ലോര്‍ഡ്സിലെ പിച്ചിന്റെ സ്വഭാവം മാറിയെന്നും രണ്ട് സ്പിന്നര്‍മാരടക്കം അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടത്തണമെന്നും ഒരു വിഭാഗം. ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ , ചേതേശ്വര്‍ പൂജാരയെ തിരിച്ചുവിളിച്ച് ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തണമെന്ന് മറ്റൊരു കൂട്ടര്‍.
തീരുമാനം എന്തായാലും ഹാര്‍ദിക് പണ്ഡ്യയടെ സ്ഥാനം പരുങ്ങലിലെന്നാണ് സൂചന. രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാൽ ആര്‍ അശ്വിനൊപ്പം , കുല്‍ദീപ് യാദവ് കളിക്കും. പേസര്‍മാരില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താനാണ് തീരുമാനം എങ്കില്‍ പൂജാര മൂന്നം നമ്പറില്‍ കളിക്കാനാണ് സാധ്യത. ഇംഗ്ലീഷ് ടീമും അന്തിമ ഇലവന്‍ തീരുമാനിച്ചിട്ടില്ല.
മോയിന്‍ അലിയെ രണ്ടാം സ്പിന്നറായി ഉള്‍പ്പെടുത്തണമെന്ന് ഓയിന്‍ മോര്‍ഗനെ പോലുള്ളവര്‍ വാദിക്കുന്നുണ്ടെങ്കിലും, ലണ്ടനില്‍ ഈയാഴ്ച മഴ പെയ്തേക്കുമെന്ന കാലാവസ്ഥാ പ്രവചനമാണ് ഇംഗ്ലണ്ടിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത ചൂട് ലോര്‍ഡ്സിലെ പിച്ചിന്റെ സ്വഭാവത്തിലും മാറ്റം വരുത്തിയെന്നാണ് വിലയിരുത്തൽ. പേസര്‍മാര്‍ക്ക് പകരം സ്പിന്നര്‍മാര്‍ കളി നിയന്ത്രിക്കും. ഈ സാഹചര്യത്തിലാണ് 2 സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ടീം ആലോചിക്കുന്നത്.
ആദ്യ ടെസ്റ്റിൽ തിളങ്ങിയ ആര്‍ അശ്വിന് പുറമേ രവീന്ദ്ര ജഡേജ , കുൽദീപ് യാദവ് എന്നീ സ്പിന്നര്‍മാരും ടീമിനൊപ്പം ഇംഗ്ലണ്ടിലുണ്ട്. ഇവരില്‍ കുല്‍ദീപ് ആദ്യ ഇലവനിലെത്തിയേക്കും. കുല്‍ദീപ് ടീമിലെത്തിയാൽ ഹാര്‍ദിക് പണ്ഡ്യയെ ഒഴിവാക്കാനാണ് സാധ്യത. ഇന്ത്യന്‍ പേസര്‍മാരില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ തുടരും. ഇംഗ്ലണ്ടും രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയേക്കും. ആദിൽ റഷീദിനൊപ്പം സ്പിന്ന്ര്‍ മോയിന്‍ അലിയെയും ഉള്‍പ്പെടുത്താനാണ് ആലോചന. ആദ്യ ടെസ്റ്റ് 31 റൺസിന് ജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിലാണ്.
