മികച്ച തുടക്കം ലഭിച്ചിട്ടും നീണ്ട ഇന്നിംഗ്സ് കളിക്കാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നാലാം ടെസ്റ്റില്‍തിരിച്ചടിയായത്. 59 റണ്‍സുമായി ഒരറ്റത്ത് നങ്കുരമിട്ട് നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയിലാണ് ഇന്ത്യന്‍ പ്രതീക്ഷകളുടെ ഭാരം മുഴുവന്‍

സതാംപ്ടണ്‍:ഇംഗ്ലണ്ടിനെതിരെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യയുടെ പോരാട്ടം. രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 എന്ന സ്കോറിന് മുന്നില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എന്ന നിലയിലാണ് കോലിപ്പട. ഇംഗ്ലീഷ് നിരയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിലേക്കെത്താന്‍ ഇന്ത്യക്ക് ഇനി 65 റണ്‍സ് കൂടി വേണം.

മികച്ച തുടക്കം ലഭിച്ചിട്ടും നീണ്ട ഇന്നിംഗ്സ് കളിക്കാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നാലാം ടെസ്റ്റില്‍ തിരിച്ചടിയായത്. 59 റണ്‍സുമായി ഒരറ്റത്ത് നങ്കുരമിട്ട് നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയിലാണ് ഇന്ത്യന്‍ പ്രതീക്ഷകളുടെ ഭാരം മുഴുവന്‍. നായകന്‍ വിരാട് കോലി 46 റണ്‍സെടുത്ത് പുറത്തായി.

ഹര്‍ദിക് പാണ്ഡ്യയാണ് പൂജാരയ്ക്കൊപ്പം ക്രീസില്‍.വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ആദ്യ ദിവസം അവസാനിപ്പിച്ച ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുക്കെട്ടിന് അധികം മുന്നോട്ട് പോകാനായില്ല. ആദ്യ വിക്കറ്റായി കെ.എല്‍. രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ 37 റണ്‍സ് മാത്രം.

എന്നാല്‍, പകരമെത്തിയ ചേതേശ്വര്‍ പൂജാരയും ശിഖര്‍ ധവാനും ഒത്തൊരുമിച്ചതോടെ അതിവേഗം ഇന്ത്യയെ തകര്‍ക്കാമെന്നുള്ള ഇംഗ്ലീഷ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. അനാവശ്യമായി ഒരു ഷോട്ട് പോലും പായിച്ച് വിക്കറ്റ് തുലയ്ക്കാതിരിക്കനായിരുന്നു ഇരുവരും ശ്രമിച്ചത്. എന്നാല്‍, ബ്രോഡിന്‍റെ ബൗളിംഗിന് മുന്നില്‍ പിഴച്ച ധവാന്‍ 23 റണ്‍സുമായി മടങ്ങി.

പിന്നീടെത്തിയ കോലി മികച്ച രീതിയില്‍ കളം പിടിച്ചെങ്കിലും വന്‍ സ്കോറിലേക്ക് കാര്യങ്ങള്‍ എത്തിക്കാനായില്ല. പിന്നാലെയെത്തിയ അജിങ്ക്യ രഹാനെയും വലിയ സംഭാവനകള്‍ നല്‍കാതെ കൂടാരം കയറി. നേരത്തെ വന്‍ തകര്‍ച്ചയെ നേരിട്ട ഇംഗ്ലണ്ട് പിന്നീട് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

ഒരുഘട്ടത്തില്‍ സ്‌കോര്‍ 100 പോലും കടക്കുമോ സംശയിക്കേണ്ട നിലയില്‍ നിന്ന് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 78 റണ്‍സെടുത്ത സാം കുറനാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 2-1 നു മുന്നിലാണ്. മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് ഇന്ത്യ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താം.