ഇംഗ്ലണ്ടിന് 257 റണ്‍സ് വിജയലക്ഷ്യം കോലിക്ക് അര്‍ധ സെഞ്ച്വറി

ലീഡ്സ്: വന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഇംഗ്ലീഷ് ബൗളിംഗ് സംഘം ഒരിക്കല്‍ കൂടി വരിഞ്ഞു മുറുക്കിയെങ്കിലും അവസാന ഓവറുകളില്‍ ഭുവനേശ്വര്‍ കുമാര്‍ ആടിതിമിര്‍ത്തതോടെ കോലിപ്പടയ്ക്ക് ഭേദപ്പെട്ട സ്കോര്‍. 250 റണ്‍സ് കടക്കില്ലെന്ന് കണക്കില്‍ തകര്‍ന്ന ഇന്ത്യയെ 35 പന്തില്‍ 21 റണ്‍സെടുത്ത ഭുവനേശ്വറിന്‍റെ പ്രകടനമാണ് തുണച്ചത്. ഒപ്പം ശര്‍ദുല്‍ താക്കൂറും ആ‌ഞ്ഞടിച്ചത് ഇന്ത്യന്‍ ഇന്നിംഗ്സില്‍ നിര്‍ണായകമായി. 13 പന്തില്‍ നിന്ന് 22 റണ്‍സാണ് ശര്‍ദുല്‍ അടിച്ചെടുത്തത്.

ഇന്നിംഗ്‍സിലെ അവസാന പന്തില്‍ പുറത്തായെങ്കിലും എട്ട് വിക്കറ്റിന് 256 റണ്‍സ് എന്ന നിലയിലേക്ക് വിഖ്യാത ബാറ്റിംഗ് നിരയുള്ള ടീമിനെ എത്തിക്കാന്‍ ഭുവനേശ്വറിന് സാധിച്ചു. ഇന്ത്യക്കായി നായകന്‍ വിരാട് കോലി 71 റണ്‍സെടുത്തപ്പോള്‍ ധോണിയും ധവാനും മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാതെ വിക്കറ്റുകള്‍ തുലച്ചു. ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയ ആദില്‍ റഷീദാണ് ഇന്ത്യന്‍ കുതിപ്പിന് തടയണ തീര്‍ത്തത്.

ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് അത്ര ശുഭകരമായ തുടക്കമല്ല ലഭിച്ചത്. കഴിഞ്ഞ കളിയിലെ ബൗളിംഗ് മേധാവിത്വം തുടര്‍ന്ന ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും വെള്ളം കുടിക്കുന്ന കാഴ്ചയാണ് ആദ്യ ഓവറുകളില്‍ കണ്ടത്. ധവാന്‍ ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ രോഹിത്തിന്‍റെ ശൗര്യത്തെ പിടിച്ചുകൊട്ടാന്‍ വില്ലിക്കും സംഘത്തിനും സാധിച്ചു.

റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്താതയതോടെ വന്‍ ഷോട്ടിന് ശ്രമിച്ച രോഹിത് 18 പന്തില്‍ രണ്ടു റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ കോലിയും ധവാനും പിടിച്ചു നിന്നതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ചലിച്ചു തുടങ്ങി. നിലയുറപ്പിച്ചതോടെ ഇരുവരും ടോപ് ഗിയറിലേക്ക് സ്കോറിംഗ് മാറ്റി. പക്ഷേ, അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ധവാനെ തേടി നിര്‍ഭാഗ്യം വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

അനാവശ്യ റണ്ണിനായി ഓടിയ ധാവനെ കോലി മടക്കിയെങ്കിലും സ്റ്റോക്സിന്‍റെ കൃത്യം ത്രോ അപ്പോഴേക്കും സ്റ്റംപ്സ് തെറിപ്പിച്ചിരുന്നു. 49 പന്തില്‍ 44 റണ്‍സായിരുന്നു ധവാന്‍റെ സമ്പാദ്യം. മികച്ച ഫോമില്‍ പകരമെത്തിയ ദിനേശ് കാര്‍ത്തിക് കളിച്ചു തുടങ്ങിയെങ്കിലും അതിനും അല്‍പ്പായുസായിരുന്നു. ആത്മവിശ്വാസം അമിതമായി കാണിച്ച കാര്‍ത്തിക്കിന്‍റെ കുറ്റി ആദില്‍ റഷീദ് തെറിപ്പിച്ചു.

പിന്നീടെത്തിയ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഒരറ്റത്ത് നിലയുറപ്പിച്ചു. പ്രതിസന്ധികളെ നന്നായി നേരിടാനറിയുന്ന കോലിയും ധോണിയും കൂടെ ഇന്ത്യയെ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയെ റഷീദ് വീണ്ടും തല്ലിയൊതുക്കി. റഷീദിന്‍റെ പന്തിനെ മനസിലാക്കുന്നതില്‍ ഇന്ത്യന്‍ നായകന് പിഴച്ചപ്പോള്‍ വിക്കറ്റ് നിലംപ്പൊത്തി. 72 പന്തില്‍ നിന്ന് 71 റണ്‍സായിരുന്നു കോലിയുടെ പേരില്‍ കുറിക്കപ്പെട്ടത്.

പിന്നാലെ സുരേഷ് റെയ്‍ന വന്നതും പോയതുമൊക്കെ വളരെ വേഗത്തിലായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ കൂട്ട് പിടിച്ചു ധോണി പതിയെ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുത്തു. എന്നാല്‍, വുഡിന്‍റെ കുത്തിയുയര്‍ന്ന പന്തില്‍ ബട്‍ലറുടെ കെെയില്‍ പാണ്ഡ്യ ഒതുങ്ങി. ധോണി ക്രീസുലുള്ളതായിരുന്നു അപ്പോഴും ഇന്ത്യയുടെ ആശ്വാസം. ആറു വിക്കറ്റിന് 194 എന്ന നിലയില്‍ നിന്ന് 221 വരെ ധോണി എത്തിച്ചെങ്കിലും 250 എന്ന ലക്ഷ്യത്തിലേക്ക് ടീമിനെ നയിക്കാന്‍ മുന്‍ നായകന് സാധിച്ചില്ല.

67 പന്തില്‍ 43 റണ്‍സുമായി ധോണിയും മടങ്ങിയതോടെ വന്‍ സ്കോര്‍ എന്ന നീപ്പടയുടെ കണക്കൂട്ടലുകള്‍ കടലാസില്‍ ഒതുങ്ങി. സ്റ്റോക്സ് എറിഞ്ഞ 49-ാം ഓവറില്‍ കത്തിക്കയറിയ ശര്‍ദുല്‍ താക്കൂറാണ് ഇന്ത്യന്‍ സ്കോര്‍ 250 കടത്തിയത്.

നിര്‍ണായക മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ ടീമിന് പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ടീമിലെത്തി. കഴിഞ്ഞ കളിയില്‍ ഇന്ത്യന്‍ ബൗളിംഗിന് വന്ന പോരായ്മകള്‍ ഭുവനേശ്വറിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് കോലിയുടെ പ്രതീക്ഷ.