പരമ്പരയിൽ ആകെ 3 ട്വന്‍റി 20 മത്സരങ്ങളാണുള്ളത്

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് ആദ്യ പോരാട്ടം ആരംഭിക്കുക. ഇന്ത്യയെ വിരാട് കോലിയും ഇംഗ്ലണ്ടിനെ ഓയിന്‍ മോര്‍ഗനുമാണ് നയിക്കുന്നത്. അയര്‍ലന്‍ഡിനെതിരെ പരമ്പര നേടിയതിന്‍റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച ഫോമിലാണെന്നതാണ് ഇന്ത്യക്ക് കരുത്ത് നല്‍കുന്നത്. അതേസമയം നായകന്‍ വിരാട് ഇംഗ്ലിഷ് മണ്ണില്‍ ഇതുവരെ മികവിലേക്കുയര്‍ന്നിട്ടില്ല. 8 റൺസ് കൂടി നേടിയാൽ കോലിക്ക് ട്വന്‍റി 20യിൽ 2000 റൺസ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാം. റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപും ചാഹലും ഫോമിലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ ഇതുവരെ ട്വന്‍റി 20യിൽ തോൽപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് ജയിച്ചാല്‍ വിരാടിനും സംഘത്തിനും ചരിത്രമെഴുതാം. ഐപിഎല്ലില്‍ രാജസ്ഥാനുവേണ്ടി തിളങ്ങിയ ജോസ് ബട്‍‍ലറിലാണ് ഇംഗ്ലണ്ടിന്‍റെ പ്രധാന പ്രതീക്ഷ. ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍. പരമ്പരയിൽ ആകെ 3 ട്വന്‍റി 20 മത്സരങ്ങളാണുള്ളത്.