ലോകകപ്പിന് തൊട്ടുമുമ്പ് ക്യാപ്റ്റനായി ബജ്‌വയെ തെരഞ്ഞെടുക്കാൻ ബിഷ്ണോയി സംഘം താരങ്ങളെയും ഉദ്യോഗസ്ഥരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.

ടൊറാന്‍റോ: അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ചുകൊണ്ട് കാനഡ ക്രിക്കറ്റ് ടീമും ലോറൻസ് ബിഷ്ണോയിയുടെ കുപ്രസിദ്ധ ഗുണ്ടാസംഘവും തമ്മിലുള്ള ബന്ധം പുറത്തുവരുന്നു. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ കാനഡയുടെ മത്സരങ്ങളിൽ ഒത്തുകളി നടന്നതായും, ടീം തിരഞ്ഞെടുപ്പിൽ ബിഷ്ണോയി സംഘം ഭീഷണിപ്പെടുത്തി ഇടപെട്ടതായും കനേഡിയൻ മാധ്യമമായ 'സിബിസി ന്യൂസ്' റിപ്പോർട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാനഡ ടീമിന്‍റെ ക്യാപ്റ്റനായി ദിൽപ്രീത് ബജ്‌വയെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന വിവാദങ്ങൾ പുകയുന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് ക്യാപ്റ്റനായി ബജ്‌വയെ തെരഞ്ഞെടുക്കാൻ ബിഷ്ണോയി സംഘം താരങ്ങളെയും ഉദ്യോഗസ്ഥരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന് ഞങ്ങൾക്കറിയാം, ബിഷ്ണോയി ഗ്രൂപ്പിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനാവില്ല എന്ന തരത്തിലുള്ള സന്ദേശങ്ങൾ താരങ്ങൾക്ക് ലഭിച്ചതായി ടീമുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ചില പ്രത്യേക കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കരുതെന്നും അവർക്ക് വേണ്ട പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ട് ടീം മാനേജ്‌മെന്‍റിന് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. വധഭീഷണിയുണ്ടായതിനെ തുടർന്ന് ചില ഉദ്യോഗസ്ഥർ പോലീസ് സംരക്ഷണം തേടുകയും, ടീം മാനേജർ ഉൾപ്പെടെയുള്ളവർ ഭയം കാരണം സ്ഥാനമൊഴിയുകയും ചെയ്തു.

ലോകകപ്പിൽ ചെന്നൈയിൽ വെച്ച് നടന്ന ന്യൂസിലൻഡ് - കാനഡ മത്സരമാണ് നിലവിൽ ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്‍റെ പ്രധാന നിരീക്ഷണത്തിലുള്ളത്. ഈ മത്സരത്തിൽ കാനഡ തോറ്റ രീതിയിൽ വലിയ അസ്വാഭാവികതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. പ്രത്യേകിച്ചും ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ എറിഞ്ഞ അഞ്ചാം ഓവറാണ് സംശയത്തിന് കാരണമായത്. ഒരു നോ ബോളും വൈഡും ഉൾപ്പെടെ ആ ഓവറിൽ 15 റൺസാണ് ബജ്‌വ വിട്ടുകൊടുത്തത്. ഇത് ബോധപൂർവ്വം വരുത്തിയ പിഴവാണോ എന്നാണ് ഐസിസി പരിശോധിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഐസിസി വിശദമായ അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Scroll to load tweet…

ഈ ഘട്ടത്തിൽ ആരോപണങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാനാവില്ല, എങ്കിലും ഗൗരവകരമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐസിസി ഇടക്കാല ഇന്‍റഗ്രിറ്റി ചീഫ് ആൻഡ്രൂ എഫ്‌ഗ്രേവ് പ്രതികരിച്ചു. മുൻ പരിശീലകൻ ഖുറം ചോഹന്‍റേതെന്ന് കരുതപ്പെടുന്ന ചോർന്ന ഫോൺ സന്ദേശങ്ങളും വിവാദത്തിന് ആക്കം കൂട്ടുന്നു. ടീം തിരഞ്ഞെടുപ്പിൽ ബോർഡ് അംഗങ്ങളിൽ നിന്ന് സമ്മർദ്ദമുണ്ടായതായി പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളില്‍ പറയുന്നുണ്ട്. മറ്റൊരു മുൻ പരിശീലകനായ പുബുദു ദസനായകെയും സമാനമായ ആരോപണങ്ങളുമായി നിയമപോരാട്ടത്തിലാണ്. ക്രിക്കറ്റ് കാനഡ വളർന്നു വരുന്ന സന്ദര്‍ഭത്തിൽ ക്രിമിനൽ സംഘങ്ങളുടെ കടന്നുകയറ്റം കായിക പ്രേമികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒത്തുകളി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ കാനഡ ക്രിക്കറ്റിന് കടുത്ത വിലക്കുകൾ നേരിടേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക