Asianet News MalayalamAsianet News Malayalam

രണ്ടാം ദിനത്തിന് അവസാനം; ഇംഗ്ലണ്ടിന് 22 റണ്‍സ് ലീഡ്

രണ്ടാം ദിനത്തിലെ ഇംഗ്ലണ്ടിന്‍റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. പരമാവധി ലീഡ് നേടുകയാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. മൂന്ന് ദിവസം ബാക്കിയുള്ളതിനാല്‍ മികച്ച ലീഡ് എടുത്താല്‍ ഇന്ത്യയെ പിന്നിലാക്കാമെന്ന് റൂട്ട് കരുതുന്നുണ്ട്

india vs england first test second day full report
Author
Edgbaston, First Published Aug 2, 2018, 11:23 PM IST

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 287 മുന്നില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 274 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 13 റണ്‍സ് പോക്കറ്റിലാക്കി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കത്തിലേ ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിനെ നഷ്ടമായി. ആദ്യ ഇന്നിംഗ്സിന് സമാനമായി അശ്വിന് മുന്നില്‍ ബൗള്‍ഡായാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ പുറത്തായത്. രണ്ടാം ദിനം കളി അവസാനിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയിലാണ് റൂട്ടും സംഘവും.

22 റണ്‍സിന്‍റെ ലീഡ് ആണ് ഇപ്പോള്‍ ഇംഗ്ലണ്ടിനുള്ളത്. നേരത്തേ, ഒന്നാം ദിനത്തിലെ സ്കോറായ 285ന്‍റെ കൂടെ രണ്ടു റണ്‍സ് കൂടെ ചേര്‍ത്തപ്പോള്‍ ഇംഗ്ലണ്ടിന്‍റെ പോരാട്ടം അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഇംഗ്ലീഷ് മണ്ണില്‍ ഒരിക്കല്‍കൂടെ തിരിച്ചടിയാണ് ലഭിച്ചത്. കടലാസിലെ വമ്പന്മാരായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഓരോന്നായി ആയുധം വച്ച് കീഴടങ്ങിയപ്പോള്‍ 149 റണ്‍സെടുത്ത നായകന്‍ വിരാട് കോലിക്ക് മാത്രമാണ് ഇംഗ്ലീഷ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായത്.

ഇംഗ്ലീഷ് സ്കോറായ 287ന് മുന്നില്‍ റണ്‍മല സൃഷ്ടിക്കാനിറങ്ങിയ മുരളി വിജയ്‍യും ശിഖര്‍ ധവാനും നന്നായി തന്നെ തുടങ്ങി. ജയിംസ് ആന്‍ഡേഴ്സണിനെയും സ്റ്റുവാര്‍ട്ട് ബ്രോഡിനെയും മികച്ച രീതിയില്‍ നേരിട്ട ഇരുവരും ആദ്യ വിക്കറ്റില്‍ 50 റണ്‍സ് സഖ്യം പടുത്തുയര്‍ത്തി. എന്നാല്‍, റൂട്ടിന്‍റെ ആദ്യ ബൗളിംഗ് പരീക്ഷണമാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ത്യക്കെതിരെ ആദ്യമായി കളിക്കുന്ന സാം കുറാന്‍ എന്ന മീഡിയം പേസറെ റൂട്ട് ക്ലിയറാക്കാന്‍ ഇംഗ്ലീഷ് നായകന്‍ നിയോഗിച്ചു.

വിജയ്‍യെ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് കുറാന്‍ ക്യാപ്റ്റന്‍റെ വിശ്വാസം കാത്തത്.  കുറാനെ ഫ്ലിക് ചെയ്യാനുള്ള വിജയ്‍യുടെ ശ്രമം പാളിയപ്പോള്‍ ആദ്യം അമ്പയര്‍ ഔട്ട് വിധിച്ചില്ലെങ്കിലും റിവ്യൂ ഇംഗ്ലണ്ടിന് അനുകൂലമായി. അതൊരു തകര്‍ച്ചയുടെ തുടക്കമാണെന്ന് ആരും കരുതിയില്ല. എന്നാല്‍, അതേ ഓവറിന്‍റെ അവസാന പന്തില്‍ ചേതേശ്വര്‍ പൂജാരയ്ക്കു പകരം കളത്തിലിറങ്ങിയ കെ.എല്‍. രാഹുല്‍ വീണു. കുറാനെ ആദ്യ പന്തില്‍ ബൗണ്ടറി കടത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ ഓഫ് സെെഡില്‍ വന്ന പന്തില്‍ കളിച്ച രാഹുലിന്‍റെ ബാറ്റില്‍ തട്ടി പന്ത് സ്റ്റംമ്പ് ഇളക്കി.

തന്‍റെ അടുത്ത ഓവറില്‍ കുറാന്‍, പിടിച്ചു നിന്ന ധവാനെയും വീഴ്ത്തി. തുടര്‍ന്ന് ഒന്നിച്ച രഹാനെയും കോലിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് കരുതിയെങ്കിലും അതും സ്വപ്നമായി ഒതുങ്ങി. 15 റണ്‍സെടുത്ത രഹാനയെ സ്റ്റോക്സ് ജെന്നിംഗ്സിന്‍റെ കെെകളില്‍ എത്തിച്ചു. പരിക്കേറ്റ സാഹയ്ക്ക് പകരം എത്തിയ ദിനേശ് കാര്‍ത്തിക് വന്നതും പോയതുമെല്ലാം ഒരുമിച്ചായിരുന്നു. നാല് പന്തില്‍ ഒരു റണ്‍സ് പോലും ചേര്‍ക്കാനാകായൊണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പവലിയനില്‍ എത്തിയത്.

തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ കോലിയോടൊപ്പം ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നയിച്ചു. ഒരറ്റത് ഇംഗ്ലീഷ് മണ്ണില്‍ ഒരിക്കല്‍ നിരാശനായി മടങ്ങേണ്ടി വന്ന കോലിയുടെ ബാറ്റിന്‍റെ ചൂട് ഇംഗ്ലീഷ് ബൗളര്‍മാര്‍ നന്നായി അറിഞ്ഞു. ഇന്ത്യന്‍ സ്കോര്‍ 148ല്‍ എത്തിയപ്പോള്‍ കുറാന് മുന്നില്‍ പാണ്ഡ്യയും കീഴടങ്ങി. അശ്വിനും ഷമിയും ഇഷാന്ത് ശര്‍മയും സ്കോര്‍ ബോര്‍ഡ് 220 കടക്കും മുമ്പ് കളത്തില്‍ നിന്ന് കയറി. എന്നാല്‍ ഉമേഷ് യാദവിനെ ഒരറ്റത്ത് നിര്‍ത്തി കോലി ആഞ്ഞടിച്ചു.

ടോപ് ഗിയറില്‍ മുന്നോട്ട് പോയ കോലിക്ക് ലീഡ് വഴങ്ങരുതെന്ന ലക്ഷ്യമായിരുന്നു മനസില്‍. പക്ഷേ, 13 റണ്‍സ് അകലെ ആ പോരാട്ടം ആദില്‍ റഷീദിന് മുന്നില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി കുറാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ റഷീദ്, സ്റ്റോക്സ്, ആന്‍ഡോഴ്സണ്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ഇതോടെ മൂന്നാം ദിനത്തിലെ ഇംഗ്ലണ്ടിന്‍റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. പരമാവധി ലീഡ് നേടുകയാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. മൂന്ന് ദിവസം ബാക്കിയുള്ളതിനാല്‍ മികച്ച ലീഡ് എടുത്താല്‍ ഇന്ത്യയെ പിന്നിലാക്കാമെന്ന് റൂട്ട് കരുതുന്നുണ്ട്. അതു കൊണ്ട്, വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ മൂന്നാം ദിനം പിടിച്ചു നില്‍ക്കാനാകും ഇംഗ്ലീഷ് ശ്രമം. 
 

Follow Us:
Download App:
  • android
  • ios