ചേതേശ്വര്‍ പൂജാരയ്ക്കു പകരം കളത്തിലിറങ്ങിയ കെ.എല്‍. രാഹുല്‍ വീണു. കുറാനെ ആദ്യ പന്തില്‍ ബൗണ്ടറി കടത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ ഓഫ് സെെഡില്‍ വന്ന പന്തില്‍ കളിച്ച രാഹുലിന്‍റെ ബാറ്റില്‍ തട്ടി പന്ത് സ്റ്റംമ്പ് ഇളക്കി.
എഡ്ജ്ബാസ്റ്റണ്‍: തങ്ങളെ എറിഞ്ഞിട്ട അതേ നാണയത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചപ്പോള്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കും ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 76 റണ്‍സ് എടുക്കുമ്പോഴേക്കും ഇന്ത്യയുടെ മൂന്നു വിക്കറ്റുകള്‍ നിലംപ്പെത്തി. ഇംഗ്ലണ്ട് മണ്ണില്‍ വിശ്വ വിജയം കുറിക്കാനെത്തിയ കോലിപ്പടയ്ക്ക് മികച്ച തുടക്കമാണ് ആദ്യ ഇന്നിംഗ്സില്‍ ലഭിച്ചത്. ഇംഗ്ലീഷ് സ്കോറായ 287ന് മുന്നില്‍ റണ്‍മല സൃഷ്ടിക്കാനിറങ്ങിയ മുരളി വിജയ്‍യും ശിഖര്‍ ധവാനും നന്നായി തന്നെ തുടങ്ങി.
ജയിംസ് ആന്‍ഡേഴ്സണിനെയും സ്റ്റുവാര്‍ട്ട് ബ്രോഡിനെയും മികച്ച രീതിയില്‍ നേരിട്ട ഇരുവരും ആദ്യ വിക്കറ്റില്‍ 50 റണ്‍സ് സഖ്യം പടുത്തുയര്‍ത്തി. എന്നാല്‍, റൂട്ടിന്‍റെ ആദ്യ ബൗളിംഗ് പരീക്ഷണമാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ത്യക്കെതിരെ ആദ്യമായി കളിക്കുന്ന സാം കുറാന്‍ എന്ന മീഡിയം പേസറെ റൂട്ട് ക്ലിയറാക്കാന്‍ ഇംഗ്ലീഷ് നായകന്‍ നിയോഗിച്ചു. വിജയ്‍യെ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് കുറാന്‍ ക്യാപ്റ്റന്‍റെ വിശ്വാസം കാത്തത്.
കുറാനെ ഫ്ലിക് ചെയ്യാനുള്ള വിജയ്‍യുടെ ശ്രമം പാളിയപ്പോള്‍ ആദ്യം അമ്പയര്‍ ഔട്ട് വിധിച്ചില്ലെങ്കിലും റിവ്യൂ ഇംഗ്ലണ്ടിന് അനുകൂലമായി. അതൊരു തകര്‍ച്ചയുടെ തുടക്കമാണെന്ന് ആരും കരുതിയില്ല. എന്നാല്‍, അതേ ഓവറിന്‍റെ അവസാന പന്തില്‍ ചേതേശ്വര്‍ പൂജാരയ്ക്കു പകരം കളത്തിലിറങ്ങിയ കെ.എല്‍. രാഹുല്‍ വീണു. കുറാനെ ആദ്യ പന്തില്‍ ബൗണ്ടറി കടത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ ഓഫ് സെെഡില്‍ വന്ന പന്തില്‍ കളിച്ച രാഹുലിന്‍റെ ബാറ്റില്‍ തട്ടി പന്ത് സ്റ്റംമ്പ് ഇളക്കി.
തന്‍റെ അടുത്ത ഓവറില്‍ കുറാന്‍, പിടിച്ചു നിന്ന ധവാനെയും വീഴ്ത്തി. ഒമ്പത് റണ്‍സോടെ കോലിയും എട്ട് റണ്‍സോടെ രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. വ്യക്തിഗത സ്കോര്‍ പൂജ്യത്തില്‍ നില്‍ക്കുമ്പോള്‍ ആന്‍ഡേഴ്സന്‍റെ പന്തില്‍ കോലി സ്ലിപ്പില്‍ ഒരവസരം നല്കിയെങ്കിലും ഇംഗ്ലണ്ട് പാഴാക്കി. അത് കൂടെ അനുകൂലമാക്കാന്‍ ഇംഗ്ലീഷ് പടയ്ക്ക് സാധിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ അവസ്ഥ ഇതിലും ദയനീയമായി മാറുമായിരുന്നു.
മികച്ച തുടക്കം മുതലക്കാനാകാതെ ആദ്യ ദിവസം ഇന്ത്യക്ക് മുന്നില്‍ പതറിയ ഇംഗ്ലീഷ് നിരയുടെ ആദ്യ ഇന്നിംഗ്സ് രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ അവസാനിച്ചിരുന്നു. ഒമ്പതിന് 285 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടു റണ്‍സ് കൂടെ ചേര്‍ത്തപ്പോഴേ അവസാന ബാറ്റ്സ്മാനും കൂടാരം കയറി.
