ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 117 ടെസ്റ്റുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ 43 ലും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് നാളെ തുടക്കം. ബര്‍മിങ്ഹാമിൽ ഇന്ത്യന്‍ സമയം ഉച്ചക്ക് മൂന്ന് മണിക്കാണ് മത്സരം. ഐസിസി റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്. ഇന്ത്യയെ വിരാട് കോലിയും ഇംഗ്ലണ്ടിനെ ജോ റൂട്ടും നയിക്കും.

ഇന്ത്യയുടെ 2014ലെ പര്യടനത്തില്‍ ഇംഗ്ലണ്ട് 3-1ന് പരമ്പര നേടിയിരുന്നു. ബര്‍മിങ്ഹാമില്‍ ഒരു ടെസ്റ്റില്‍ പോലും ജയിച്ചിട്ടില്ലെന്നതാണ് ഇന്ത്യയുടെ ചരിത്രം. മറുവശത്ത് ഇംഗ്ലണ്ടാകട്ടെ ആയിരം ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ടീം എന്ന ചരിത്രം കൂടിയാണ് മത്സരത്തിലൂടെ സ്വന്തമാക്കുക.

പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍ ജസ്പ്രീത് ബുംറ എന്നിവരുടെ അഭാവവും മുന്‍നിര ബാറ്റ്സ്മാന്മാരായ ശിഖര്‍ ധവാന്‍ , ചേതേശ്വര്‍ പൂജാര എന്നിവരുടെ മോശം ഫോമും ഇന്ത്യക്ക് ആശങ്കയാണ്. പരമ്പരയിൽ ആകെ 5 മത്സരങ്ങളാണുള്ളത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 117 ടെസ്റ്റുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ 43 ലും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. 25 ടെസ്റ്റുകളില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയപ്പോള്‍ 49 ടെസ്റ്റുകള്‍ സമനിലയിലായി.

ഇംഗ്ലിഷ് മണ്ണിലെ ഇന്ത്യയുടെ റെക്കോര്‍ഡാകട്ടെ പരിതാപകരമാണ്. 57 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടില്‍ കളിക്കാനിറങ്ങിയ ഇന്ത്യക്ക് 30 ലും പരാജയപ്പെടാനായിരുന്നു വിധി. ആറ് ടെസ്റ്റുകളില്‍ ഇന്ത്യ ജയം സ്വന്തമാക്കിയിട്ടുള്ളപ്പോള്‍ 21 ടെസ്റ്റുകള്‍ സമനിലയിലാണ് കലാശിച്ചത്.