മുംബൈ: ഏകദിനത്തിലും, 20-20യിലും ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീം പരുക്കിന്‍റെ പിടിയില്‍. മത്സരം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടീമിലെ 8 പേര്‍ക്ക് പരിക്കേറ്റു. ഓള്‍ റൗണ്ടര്‍മാരായ അക്‌സര്‍ പട്ടേലും, ജയന്ത് യാദവുമാണ് ഏറ്റവുമൊടുവില്‍ പരുക്കിന്‍റെ പിടിയിലായിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അക്‌സറിന് ഇടം ലഭിച്ചിരുന്നില്ല. മത്സരത്തിനിടെ പരുക്കേ ജയന്ത് യാദവിന് പകരക്കാരനായാണ് അക്‌സര്‍ പട്ടേല്‍ ഫീല്‍ഡ് ചെയ്യാനെത്തിയത്. എന്നാല്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ അക്‌സറിന്റെ വിരലിന് പരുക്കേല്‍ക്കുകയായിരുന്നു. ബൗളര്‍മാരില്‍ ലോക 9ആം നമ്പര്‍ താരമായ അക്‌സര്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന അഞ്ച് ഏകദിന മത്സരങ്ങളിലും ഇടം പിടിച്ചിരുന്നു.

ഏകദിന പരമ്പരയില്‍ മുതിര്‍ന്ന താരങ്ങളായ രവിചന്ദ്ര അശ്വിനും, രവീന്ദ്ര ജഡേജയ്ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇതോടെ ഓള്‍ റൗണ്ടറായി ആരെ ഉള്‍പ്പെടുത്തുമെന്ന ആശങ്കയിലാണ് സെലക്ടര്‍മാര്‍. ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലിരിക്കുന്ന രോഹിത് ശര്‍മ്മയും, പേസര്‍ മുഹമ്മദ് ഷമിയും പരമ്പരയില്‍ ഉണ്ടാവില്ല.

മുംബൈ ടെസ്റ്റിനിടെ പരുക്കേറ്റ അജിങ്ക്യ രഹാനെ മത്സരത്തിനിറങ്ങുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. തോളിന് പരുക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയും, ട്രിപ്പിള്‍ വീരന്‍ കരുണ്‍ നായരും കളിക്കാനിടയില്ല.