ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികവിലേക്കുയര്‍ന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ബാറ്റ്സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം. പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് 12 മാസത്തെ സസ്പെൻഷന്‍ നേരിടുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്ത്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികവിലേക്കുയര്‍ന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ബാറ്റ്സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം. പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് 12 മാസത്തെ സസ്പെൻഷന്‍ നേരിടുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്ത് ആണ് നിലവില്‍ ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമത്. സ്മിത്തിനേക്കാള്‍ 26 റേറ്റിംഗ് പോയന്റ് കുറവുള്ള കോലി രണ്ടാമതും.

പരമ്പരയിൽ മികച്ച പ്രകടനം നടത്തിയാൽ തന്നേക്കാൾ 26 പോയിന്റ് മാത്രം മുന്നിലുള്ള സ്മിത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും കോലിക്ക് അവസരമുണ്ട്. കോലിക്കു ശേഷം റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരം ചേതേശ്വർ പൂജാരയാണ്. നിലവിൽ ഫോമിലല്ലാത്ത പൂജാര റാങ്കിങ്ങിൽ ആറാമനാണ്. ലോകേഷ് രാഹുൽ (18), അജിങ്ക്യ രഹാനെ (19), മുരളി വിജയ് (23), ശിഖർ ധവാൻ (24) എന്നിവരാണ് ആദ്യ അൻപതിലുള്ള മറ്റു താരങ്ങൾ.

ടീമെന്ന നിലയിലും ഇരു ടീമുകൾക്കും നേട്ടമുണ്ടാക്കാനുള്ള അവസരമാണ് ഈ പരമ്പര. നിലവിൽ ലോക ഒന്നാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് 5–0ന് പരമ്പര ജയിച്ചാൽ 129 റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലെത്താനാവും. അതേസമയം, പരമ്പരയിൽ ഇന്ത്യയെ 5–0ന് തോൽപ്പിച്ചാൽ 10 റേറ്റിംഗ് പോയിന്റു കൂടി നേടി 107 പോയിന്റോടെ റാങ്കിങ്ങിൽ രണ്ടാമതെത്താൻ ഇംഗ്ലണ്ടിനും അവസരമുണ്ട്. അങ്ങനെ വന്നാൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുമായുള്ള പോയിന്റ് വ്യത്യാസം 28 ൽനിന്ന് അഞ്ചാക്കി കുറയ്ക്കുകയും ചെയ്യാം.