ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഇന്നിറങ്ങുമ്പോള്‍ അത് ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ചരിത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീം ആദ്യമായി ആയിരമെന്ന മാന്ത്രിക സംഖ്യയിലെത്തിയെന്ന ചരിത്രം. അതുകൊണ്ടുതന്നെ ആയിരാമത്തെ ടെസ്റ്റ് മധുരമുള്ള ഓര്‍മയാക്കാനായിരിക്കും ഇംഗ്ലണ്ടിന് ഇഷ്ടം.

ബര്‍മിംഗ്ഹാം: ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഇന്നിറങ്ങുമ്പോള്‍ അത് ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ചരിത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീം ആദ്യമായി ആയിരമെന്ന മാന്ത്രിക സംഖ്യയിലെത്തിയെന്ന ചരിത്രം. അതുകൊണ്ടുതന്നെ ആയിരാമത്തെ ടെസ്റ്റ് മധുരമുള്ള ഓര്‍മയാക്കാനായിരിക്കും ഇംഗ്ലണ്ടിന് ഇഷ്ടം. എന്നാല്‍ ചരിത്ര ടെസ്റ്റിന് ഇംഗ്ലണ്ടിറങ്ങുമ്പോള്‍ ചരിത്രം തിരുത്താനുറച്ചാണ് വിരാട് കോലിയും സംഘവും ഇന്നിറങ്ങുക. ബര്‍മിംഗ്ഹാമിലെയും ഇംഗ്ലണ്ടിലെയും തോല്‍വിയുടെ ചരിത്രം മാറ്റിയെഴുതാന്‍.

ഇന്ത്യ-ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിനാണ് ഇന്ന് ബര്‍മിംഗ്ഹാമില്‍ തുടക്കമാവുന്നത്. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ സമയം മൂന്നരയ്‌ക്കാണ് കളി തുടങ്ങുക. നേരത്തെ നടന്ന ട്വന്റി-20യില്‍ ഇന്ത്യയും ഏകദിനത്തില്‍ ഇംഗ്ലണ്ടും ചാമ്പ്യന്‍മാരായ പരമ്പരയില്‍ ഇനി ടെസ്റ്റ് ക്രിക്കറ്റിന്റെ പരീക്ഷണദിനങ്ങള്‍.

ഓപ്പണര്‍ ശീഖ‌ര്‍ ധവാനും ചേതേശ്വര്‍ പുജാരയും മങ്ങിയഫോമില്‍. ഇവരില്‍ ഒരാളെ പുറത്തിരുത്താന്‍ വിരാട് കോലി തീരുമാനിച്ചാല്‍ കെ എല്‍ രാഹുല്‍ കളിക്കും. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുംറ എന്നിവരുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവും. വേഗമുള്ള വിക്കറ്റായതിനാല്‍ ആര്‍ അശ്വിന്‍ കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ക്കേ അവസരം കിട്ടൂ.

എഡ്ജ്ബാസ്റ്റണിലെ ചരിത്രം ഇന്ത്യക്ക് അനുകൂലമല്ല. ഇവിടെ കളിച്ച ആറ് ടെസ്റ്റില്‍ അഞ്ചിലും ഇന്ത്യ തോറ്റു. സമീപകാല തിരിച്ചടികളില്‍ നിന്ന് കരകയറാനാണ് ജോ റൂട്ടിന്റെ ഇംഗ്ലണ്ട് പാഡ് കെട്ടുന്നത്. ഓസ്‍ട്രേലിയ,ന്യുസീലന്‍ഡ്, പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരെ അവസാനം കളിച്ച ഒന്‍പത് ടെസ്റ്റില്‍ ജയം ഒന്നില്‍മാത്രം. സ്‌പിന്നര്‍ ആദില്‍ റഷീദിനെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചുകഴിഞ്ഞു. ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ നയിക്കുന്ന ബൗളിംഗ് നിരയിലാണ് ഇംഗ്ലീഷ് പ്രതീക്ഷ.