Asianet News MalayalamAsianet News Malayalam

പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

  • രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയേക്കും
India vs ireland second twenty 20
Author
First Published Jun 29, 2018, 11:16 AM IST

ഡബ്ലിന്‍: ഫുട്ബോള്‍ ലോകപ്പിനിടയിലും ക്രിക്കറ്റ് വിരുന്നൊരുക്കി ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള രണ്ടാം ട്വന്‍റി 20 ഇന്ന്. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് പോരിനിറങ്ങുന്നത്. രാത്രി 8.30നാണ് മത്സരം. ബാറ്റ്സ്മാന്‍മാരും ബൗളര്‍മാരും ഒരുപോലെ ആദ്യ മത്സരത്തില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഘടകം ഫീല്‍ഡിംഗ് ആണ്.

ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരം പോലെയാണ് ഇന്ത്യക്ക് ഇന്നത്തെ കളിയും. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന പലര്‍ക്കും ഇന്ന് അവസരം നല്‍കും. ടീമില്‍ മാറ്റമുണ്ടാകുമെന്ന് ക്യാപ്റ്റന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഓപ്പണിംഗില്‍ കെ.എല്‍. രാഹുല്‍ എത്തുമ്പോള്‍ രോഹിത് ശര്‍മ പുറത്തിരുന്നേക്കും.

മധ്യനിരയിലാകും കൂടുതല്‍ അഴിച്ചുപണി. ശ്രീലങ്കയിലെ ത്രിരാഷ്ട്ര ടൂര്‍ണമെന്‍റിലെ ഹീറോ ദിനേശ് കാര്‍ത്തിക് ഇന്ന് അവസാന പതിനൊന്നില്‍ ഇടംപിടിച്ചേക്കും. ബാറ്റിംഗ് ക്രമത്തിലും മാറ്റമുണ്ടാകുമെന്ന സൂചനകള്‍ കോലി നല്‍കുന്നുണ്ട്. മറുവശത്ത് യുവനിരയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് അയര്‍ലന്‍ഡ്.

ജെയിംസ് ഷാനണും സിമി സിംഗും അടക്കമുള്ളവര്‍ക്ക് കൂടുതല്‍ മത്സരപരിചയമുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തിലെ ടീമിനെ നിലനിര്‍ത്താനാണ് സാധ്യത. റണ്ണൊഴുകുന്ന പിച്ചാണ് ഇന്നും തയാറാക്കിയിട്ടുള്ളതെന്നാണ് സൂചന.

തിങ്ങിനിറഞ്ഞ ഗാലറിക്ക് മുന്നില്‍ അയര്‍ലന്‍ഡ് കളിക്കുന്നത് വല്ലപ്പോഴും മാത്രം. അതിന്‍റെ ഊര്‍ജം കളത്തില്‍ കാണിക്കാന്‍ ടീമിനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐറിഷ് പ്രധാനമന്ത്രിയും മത്സരം കാണാനെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. സ്വന്തം ടീമിന്‍റെ ജയം കണ്ട് മടങ്ങാനുള്ള സാധ്യത വിദൂരമാണെന്ന് മാത്രം.

Follow Us:
Download App:
  • android
  • ios