മുംബൈ: കരിയറിലെ ഇരുന്നൂറാം മത്സരത്തില്‍ സെഞ്ചുറി തികച്ച ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികവില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്തു. 125 പന്തില്‍ 121 റണ്‍സെടുത്ത വിരാട് കോലി അവസാന ഓവറിലാണ് പുറത്തായത്. കോലി നങ്കൂരമിട്ട ഇന്നിംഗ്സില്‍ ദിനേശ് കാര്‍ത്തിക്ക്(37), എം എസ് ധോണി(25), ഭുവനേശ്വര്‍ കുമാര്‍(15 പന്തില്‍ 26) എന്നിവര്‍ മാത്രമെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു.

കീവീസിന്റെ കുന്തമുനയായ ട്രെന്റ് ബോള്‍ട്ട് ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. ശീഖര്‍ ധവാനെയും(9), സൗത്തിക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്സറടിച്ച് പ്രതീക്ഷ നല്‍കിയ രോഹിത് ശര്‍മയെയും(20) വീഴ്‌ത്തി ബോള്‍ട്ട് ഇന്ത്യയുടെ ബോള്‍ട്ടിളക്കി. കേദാര്‍ ജാദവുമൊത്ത് കോലി ഇന്ത്യയെ 50 കടത്തിയെങ്കിലും ജാദവിനെ(12) സാന്റ്നര്‍ മടക്കിയതോടെ ഇന്ത്യ വീണ്ടും തകര്‍ച്ചയിലായി.

നാലാം വിക്കറ്റില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കോലി ഇന്ത്യയെ 144ല്‍ എത്തിച്ചു. കാര്‍ത്തിക്കിനെ മടക്കി സൗത്തി കീവീസിന് പ്രതീക്ഷ നല്‍കിയെങ്കിലും ധോണി കോലിക്ക് പറ്റിയ പങ്കാളിയായി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തി. സ്കോര്‍ 201ല്‍ നില്‍ക്കെ ധോണിയും 238ല്‍ പാണ്ഡ്യയും(16) മടങ്ങിയെങ്കിലും ഭുവനേശ്വര്‍കുമാറുമൊത്ത് അവസാന ഓവര്‍വരെ ക്രീസില്‍ നിന്ന കോലി ഇന്ത്യയെ 280ല്‍ എത്തിച്ചു. കീവീസിനായി ബോള്‍ട്ട് 35 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ സൗത്തി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.