തിരുവനന്തപുരം: യുവതാരങ്ങള്‍ക്ക് അവസരമൊരുക്കാനായി എംഎസ് ധോണി ട്വന്റി-20യില്‍ നിന്ന് വിരമിക്കണമെന്ന മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന്റെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കാര്യവട്ടത്ത് നടന്ന മൂന്നാം ട്വന്റി-20 മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധോണിയ്ക്ക് ഉറച്ച പിന്തുണയുമായി കോലി രംഗത്തെത്തിയത്.
ഒരു കളിയില്‍ തിളങ്ങാത്തതിന്റെ പേരില്‍ എല്ലാവരും ധോണിയുടെ രക്തത്തിനായി മുറവിളി കൂട്ടുകയാണെന്ന് കോലി പറഞ്ഞു. രാജ്കോട്ടില്‍ അതിവേഗം റണ്‍ സ്കോര്‍ ചെയ്തില്ല എന്നാണ് ധോണിക്കെതിരായ പരാതി. എന്നാല്‍ ആ മത്സരത്തില്‍ ഹര്‍ദ്ദീക് പാണ്ഡ്യ വന്നാലും വിക്കറ്റിന്റെ സ്വഭാവമുസരിച്ച് അങ്ങനെയെ കളിക്കാനാവുകയുള്ളു. പാണ്ഡ്യ അന്ന് പൂജ്യനാവുകയായിരുന്നു. ടീം പരാജയപ്പെട്ടതിന്റെ പേരില്‍ ഒരാളെ മാത്രം ബലിയാടാക്കുന്നത് ശരിയല്ല. ധോണി ക്രീസിലെത്തുമ്പോള്‍ ഇന്ത്യക്ക് ഓവറില്‍ ഒമ്പത് റണ്‍സോളം ജയിക്കാന്‍ വേണമായിരുന്നു. ന്യൂബോളിന്റെ തിളക്കം പോയതോടെ ബാറ്റിംഗ് അനായാസമായിരുന്നില്ല. ഇതിനെക്കുറിച്ചെല്ലാം പല അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ ആ വിക്കറ്റില്‍ കളിക്കാനിറങ്ങിയ ഞങ്ങള്‍ക്കറിയാം എന്തായിരുന്നു ശരിക്കുമുള്ള സാഹചര്യമെന്ന്.
തന്റെ കളിയെക്കുറിച്ചും ടീമിലെ തന്റെ റോളിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ളയാളാണ് ധോണി. ഡല്‍ഹി ട്വന്റി-20യില്‍ ധോണി വന്നപാടെ സിക്സര്‍ അടിച്ചപ്പോള്‍ അത് മത്സരത്തിനിടെ പലതവണ റീപ്ലേ കാണിച്ചു. അപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. എന്നാല്‍ തൊട്ടടുത്ത കളിയില്‍ സ്കോര്‍ ചെയ്യാതിരുന്നപ്പോള്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ രക്തത്തിനായി മുറവിളികൂട്ടുന്നു. ആരാധകര്‍ കുറച്ചുകൂടി ക്ഷമയുള്ളവരാകണമെന്നാണ് എനിക്ക് പറയാനുള്ളത്. തന്റെ കളിയെക്കുറിച്ചും കൂടെ കളിക്കുന്നവരെക്കുറിച്ചും തന്റെ ശരീരത്തെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണയുള്ളയാളാണ് ധോണി. അതുകൊണ്ടുതന്നെ അദ്ദേഹം എന്തെങ്കിലും തീരുമാനമെടുക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ലക്ഷ്മണ് പരോക്ഷ മറുപടിയായി കോലി പറഞ്ഞു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെയും കോലി പ്രശംസകൊണ്ട് മൂടി. മികച്ച സ്റ്റേഡിയവും മികച്ച ഔട്ട് ഫീല്‍ഡും അതിലും മികച്ച കാണികളുമുള്ള ഗ്രീന്‍ഫീല്‍ഡില്‍ മുന്‍പ് കൂടുതല്‍ മത്സരങ്ങള്‍ നടക്കാതിരുന്നതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും കോലി പറഞ്ഞു.
