നാലാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് നയിക്കുന്നത്. രോഹിത്തും ധവാനും തന്നെയാകും ഓപ്പണര്‍മാരായി എത്തുക. വണ്‍ ഡൗണില്‍ കോലിയുടെ സ്ഥാനത്ത് യുവതാരം ശുഭ്മാന്‍ ഗില്‍ അരങ്ങേറുമെന്നാണ് സൂചന.

വെല്ലിംഗ്ടണ്‍:ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. അഞ്ച് മത്സര പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അവശേഷിക്കുന്ന കളികളില്‍ റിസര്‍വ് ബെഞ്ചിലെ കളിക്കാര്‍ക്ക് അവസരം നല്‍കാനായിരിക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശ്രമിക്കുക. പരമ്പര നഷ്ടമായെങ്കിലും അവസാന രണ്ട് മത്സരമെങ്കിലും ജയിച്ച് അഭിമാനപോരാട്ടത്തിനാണ് കീവിസ് ഇറങ്ങുന്നത്.

നാലാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് നയിക്കുന്നത്. രോഹിത്തും ധവാനും തന്നെയാകും ഓപ്പണര്‍മാരായി എത്തുക. വണ്‍ ഡൗണില്‍ കോലിയുടെ സ്ഥാനത്ത് യുവതാരം ശുഭ്മാന്‍ ഗില്‍ അരങ്ങേറുമെന്നാണ് സൂചന. ധോണി പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ധോണിയാകും നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുക. ധോണിയെ നാലാം നമ്പറില്‍ ബാറ്റിംഗിനിറക്കാനാണ് താല്‍പര്യമെന്ന് രോഹിത് നേരത്തെ വ്യക്തമാക്കിയതാണ്.

ധോണി നാലാം നമ്പറില്‍ എത്തിയാല്‍ അംബാട്ടി റായിഡു പുറത്തിരിക്കേണ്ടിവരും. അഞ്ചാമനായി കേദാര്‍ ജാദവും ആറാമനായി ദിനേശ് കാര്‍ത്തിക്കും എത്തും. കാര്‍ത്തിക്, ജാദവ്, റായിഡു മൂന്നുപേരില്‍ രണ്ടുപേര്‍ മാത്രമെ എന്തായാലും അന്തിമ ഇലവനില്‍ കളിക്കാനിടയുള്ളു. ഏഴാമനായി ഹര്‍ദ്ദിക് പാണ്ഡ്യ തന്നെയെത്തും. ബൗളിംഗിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചാല്‍ ഖലീല്‍ അഹമ്മദ് അന്തിമ ഇലവനിലെത്തും. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തുടര്‍ന്നേക്കും.