ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ 40 റണ്‍സിനിടെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടം. നാല് വിക്കറ്റുമായി ബോള്‍ട്ടും മൂന്ന് പേരെ പുറത്താക്കി ഗ്രാന്‍ഡ്‌ഹോമുമാണ് ഇന്ത്യയെ എറിഞ്ഞൊതുക്കുന്നത്.

ഹാമില്‍ട്ടണില്‍: ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ 40 റണ്‍സിനിടെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടം. നാല് വിക്കറ്റുമായി ബോള്‍ട്ടും മൂന്ന് പേരെ പുറത്താക്കി ഗ്രാന്‍ഡ്‌ഹോമുമാണ് ഇന്ത്യയെ എറിഞ്ഞൊതുക്കുന്നത്. ഇതുവരെ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ധവാനെ(13) ആറാം ഓവറിലെ അഞ്ചാം പന്തില്‍ ബോള്‍ട്ട് എല്‍ബിയില്‍ പുറത്താക്കി. എട്ടാം ഓവറിലെ അവസാന പന്തില്‍ നായകന്‍ രോഹിത് ശര്‍മ്മയെ(7) ബോള്‍ട്ട് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. 200-ാം ഏകദിനത്തില്‍ തിളങ്ങാന്‍ ഹിറ്റ്‌മാനായില്ല. ഓപ്പണര്‍മാര്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ എട്ട് ഓവറില്‍ 23.

വിക്കറ്റ് കൊഴിച്ചില്‍ അവിടംകൊണ്ട് നിന്നില്ല. 11-ാം ഓവറില്‍ റായുഡുവിനെയും(0) വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെയും(0) മടക്കി ഡ്രാന്‍ഡ്‌ഹോം ആഞ്ഞടിച്ചു. ഗപ്റ്റിലിന്‍റെ കൈകളില്‍ റായുഡു അവസാനിച്ചപ്പോള്‍ കാര്‍ത്തിക് ലഥാമില്‍ അവസാനിച്ചു. എന്നാല്‍ 12-ാം ഓവറിലെ അവസാന പന്തില്‍ ഗില്ലിനെയും(9) പുറത്താക്കി ബോള്‍ട്ട് ഇന്ത്യയെ ഞെട്ടിച്ചു. 13 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 35 റണ്‍സ്.

വീണ്ടും ബോള്‍ട്ടിന്‍റെ പന്തുകള്‍ ഇന്ത്യയെ മുറിവേല്‍പിച്ചു. 13-ാം ഓവറിലെ ആദ്യ പന്തില്‍ കേദാര്‍ ജാദവ്(1) എല്‍ബിയില്‍ പുറത്ത്. പിന്നീട് പാണ്ഡ്യക്കൊപ്പം ഭുവി തട്ടിയും മുട്ടിയും ക്രീസില്‍ നിന്നെങ്കിലും ഫലം കണ്ടില്ല. 17-ാം ഓവറില്‍ ഗ്രാന്‍ഡഹോമിന്‍റെ പന്ത് ഭുവിയുടെ(1) കുറ്റി പിഴുതു. ഇതോടെ 16.4 ഓവറില്‍ ഏഴ് വിക്കറ്റിന് 40 റണ്‍സെന്ന നിലയില്‍ ഇന്ത്യ ചീട്ടുകൊട്ടാരമായി.