2003-ൽ റിക്കി പോണ്ടിങ്ങിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഓസ്ട്രേലിയ കുറിച്ച 20 തുടർച്ചയായ വിജയങ്ങളുടെ റെക്കോർഡാണ് സ്പെയിൻ പഴങ്കഥയാക്കിയത്.
മാഡ്രിഡ്: ഫുട്ബോളിലെ ആധിപത്യത്തിന് പിന്നാലെ ക്രിക്കറ്റിലും ചരിത്രനേട്ടവുമായി സ്പെയിൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച ടീമെന്ന ഓസ്ട്രേലിയയുടെ ലോകറെക്കോർഡ് സ്പെയിൻ മറികടന്നു. 2028 ടി20 ലോകകപ്പിന്‍റെ യൂറോപ്പ് സബ് റീജിയണൽ ക്വാളിഫയർ സി മത്സരത്തിൽ ഫിൻലൻഡിനെ 8 വിക്കറ്റിന് തകർത്താണ് സ്പെയിൻ തുടര്‍ച്ചയായ 21-ാം ജയം കുറിച്ച് പുതിയ ലോകറെക്കോര്‍ഡിട്ടത്.
2003-ൽ റിക്കി പോണ്ടിങ്ങിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഓസ്ട്രേലിയ കുറിച്ച 20 തുടർച്ചയായ വിജയങ്ങളുടെ റെക്കോർഡാണ് സ്പെയിൻ പഴങ്കഥയാക്കിയത്. അന്ന് ഇന്ത്യയെ തോൽപ്പിച്ച് ഏകദിന ലോകകപ്പ് നേടിയതുൾപ്പെടെ 17 ഏകദിനങ്ങളും വെസ്റ്റ് ഇൻഡീസിനെതിരായ 3 ടെസ്റ്റ് മത്സരങ്ങളുമാണ് ഓസ്ട്രേലിയ തുടർച്ചയായി ജയിച്ചിരുന്നത്.
ഐസിസി ടി20 റാങ്കിങ്ങിൽ 28-ാം സ്ഥാനത്തുള്ള സ്പെയിൻ കഴിഞ്ഞ മൂന്ന് വർഷമായി രാജ്യാന്തര ടി20 ക്രിക്കറ്റിൽ തോൽവി അറിഞ്ഞിട്ടില്ല. ഐൽ ഓഫ് മാനിനെതിരെയുള്ള ജയിച്ചു തുടങ്ങിയ സ്പെയിൻ ജേഴ്സി, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഫിൻലൻഡ് തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തി. 2024-ൽ തുടർച്ചയായ 14 ജയങ്ങളോടെ ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ തുടർ വിജയങ്ങളുടെ റെക്കോർഡ് സ്പെയിൻ സ്വന്തമാക്കിയിരുന്നു. തുടർന്ന് 2025-ൽ 6 വിജയങ്ങൾ കൂടി നേടി ഓസ്ട്രേലിയയുടെ റെക്കോർഡിനൊപ്പമെത്തിയ ടീം, 2026-ലെ ആദ്യ മത്സരത്തിൽ ഫിൻലൻഡിനെ വീഴ്ത്തി ഓസ്ട്രേലിയയുടെ റെക്കോർഡ് മറികടന്നു. 2019 ജനുവരി മുതൽ ഇതുവരെ 50 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച സ്പെയിൻ 41 എണ്ണത്തിലും ജയം സ്വന്തമാക്കി. എട്ട് മത്സരങ്ങളിൽ മാത്രമാണ് തോറ്റത്.
