കോലിയെക്കൂടാതെ ഇറങ്ങുന്ന ഇന്ത്യയെ രോഹിത് ശര്‍മയാണ് നയിക്കുന്നത്. തന്റെ ഇരുന്നൂറാം ഏകദിനത്തില്‍ രോഹിത് ഇന്ത്യയെ നയിക്കുന്നുവെന്ന സവിശേഷതയുമുണ്ട്. അഞ്ച് മത്സര പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ആരാകും മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കോലിയുടെ പിന്‍ഗാമിയെന്ന വിശേഷണം ഇപ്പോഴെ ലഭിച്ചുകഴിഞ്ഞ യുവതാരം ശുഭ്മാന്‍ ഗില്‍ നാലാം ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ അരങ്ങേറുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. കോലിയെക്കൂടാതെ ഇറങ്ങുന്ന ഇന്ത്യയെ രോഹിത് ശര്‍മയാണ് നയിക്കുന്നത്. തന്റെ ഇരുന്നൂറാം ഏകദിനത്തില്‍ രോഹിത് ഇന്ത്യയെ നയിക്കുന്നുവെന്ന സവിശേഷതയുമുണ്ട്. അഞ്ച് മത്സര പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

കോലിയുടെ അഭാവത്തില്‍ രോഹിത്തും ധവാനും തന്നെയാകും ഓപ്പണര്‍മാരായി എത്തുക. വണ്‍ ഡൗണില്‍ കോലിയുടെ സ്ഥാനത്ത് യുവതാരം ശുഭ്മാന്‍ ഗില്‍ അരങ്ങേറുമെന്നാണ് സൂചന. ധോണി പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ധോണിയാകും നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുക. ധോണിയെ നാലാം നമ്പറില്‍ ബാറ്റിംഗിനിറക്കാനാണ് താല്‍പര്യമെന്ന് രോഹിത് നേരത്തെ വ്യക്തമാക്കിയതാണ്.

ധോണി നാലാം നമ്പറില്‍ എത്തിയാല്‍ അംബാട്ടി റായിഡു പുറത്തിരിക്കേണ്ടിവരും. അഞ്ചാമനായി കേദാര്‍ ജാദവും ആറാമനായി ദിനേശ് കാര്‍ത്തിക്കും എത്തും. കാര്‍ത്തിക്, ജാദവ്, റായിഡു മൂന്നുപേരില്‍ രണ്ടുപേര്‍ മാത്രമെ എന്തായാലും അന്തിമ ഇലവനില്‍ കളിക്കാനിടയുള്ളു. ഏഴാമനായി ഹര്‍ദ്ദിക് പാണ്ഡ്യ തന്നെയെത്തും. ബൗളിംഗിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചാല്‍ ഖലീല്‍ അഹമ്മദ് അന്തിമ ഇലവനിലെത്തും. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തുടര്‍ന്നേക്കും.