നാലാം നമ്പറില്‍ ഋഷഭ് പന്ത് കളിക്കാനാണ് സാധ്യത. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിനുശേഷം സെലക്ടര്‍മാര്‍ പന്തിന് വിശ്രമം അനുവദിച്ചിരുന്നു.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-20ക്കുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് തിരിച്ചെത്തിയേക്കും. എംഎസ് ധോണിയും ട്വന്റി-20 ടീമിലുണ്ട്. ആദ്യ ട്വന്റി-20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെയാകും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ധവാന് പിന്നീട് നല്ല തുടക്കങ്ങള്‍ വലിയ സ്കോറാനാക്കാനായിരുന്നില്ല. എങ്കിലും ധവാന് വീണ്ടും അവസരം ലഭിക്കുമെന്നുറപ്പാണ്. വണ്‍ ഡൗണില്‍ വിരാട് കോലിയുടെ സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലിന് വീണ്ടും അവസരം നല്‍കിയേക്കും. ഏകദിന പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഗില്ലിന് കാര്യമായി തിളങ്ങാനായിരുന്നില്ല.

നാലാം നമ്പറില്‍ ഋഷഭ് പന്ത് കളിക്കാനാണ് സാധ്യത. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിനുശേഷം സെലക്ടര്‍മാര്‍ പന്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അവസാന രണ്ട് ഏകദിനത്തിനുള്ള ഇന്ത്യ എ ടീമില്‍ കളിച്ച പന്ത് ബാറ്റിംഗില്‍ തിളങ്ങിയിരുന്നു.

ഋഷഭ് പന്ത് നാലാം നമ്പറില്‍ ഇറങ്ങുമ്പോള്‍ എംഎസ് ധോണിയാകും അഞ്ചാമനായി ക്രീസിലെത്തുക.കേദാര്‍ ജാദസ് ആറാമനായി ഇറങ്ങാനാണ് സാധ്യത. ഏഴാം നമ്പറില്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഇറങ്ങുമ്പോള്‍ സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തുടരും. രണ്ടാം പേസറായി ഭുവനേശ്വര്‍ കുമാറിനൊപ്പം ഖലീല്‍ അഹമ്മദ് കളിക്കാനും സാധ്യതയുണ്ട്.