ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെയാകും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ധവാന് പിന്നീട് നല്ല തുടക്കങ്ങള്‍ വലിയ സ്കോറാനാക്കാനായിരുന്നില്ല

വെല്ലിംഗ്ടണ്‍: പരിക്ക് ഭേദമായ എംഎസ് ധോണി ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്കായി കളിക്കും. ധോണി തിരിച്ചെത്തുമ്പോള്‍ ഇന്ത്യയുടെ മധ്യനിരയിലും മാറ്റങ്ങളുണ്ടാകും. അവസാന ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെയാകും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ധവാന് പിന്നീട് നല്ല തുടക്കങ്ങള്‍ വലിയ സ്കോറാനാക്കാനായിരുന്നില്ല. എങ്കിലും ധവാന് വീണ്ടും അവസരം ലഭിക്കുമെന്നുറപ്പാണ്. വണ്‍ ഡൗണില്‍ വിരാട് കോലിയുടെ സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലിന് വീണ്ടും അവസരം നല്‍കിയേക്കും. നാലാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഗില്ലിന് തിളങ്ങാനായിരുന്നില്ല.

നാലാം നമ്പറില്‍ പരിക്ക് മാറി ടീമലേക്ക് തിരിച്ചുവരുന്ന എംഎസ് ധോണിയെ ഇറക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തീരുമാനിച്ചാല്‍ അംബാട്ടി റായിഡു പുറത്താവും. അഞ്ചാം നമ്പറിലാണ് ധോണി കളിക്കുന്നതെങ്കില്‍ ദിനേശ് കാര്‍ത്തിക്കാവും പുറത്താവുക. ഇരുവരില്‍ ഒരാള്‍ മാത്രമെ അന്തിമ ഇലവനില്‍ ഇടം നേടാനിടയുള്ളു.

ആറാമനായി കേദാര്‍ ജാദവ് തന്നെയെത്തും. ഏഴാം നമ്പറില്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഇറങ്ങുമ്പോള്‍ സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തുടരും. രണ്ടാം പേസറായി ഭുവനേശ്വര്‍ കുമാറിനൊപ്പം മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കും. നാലാം ഏകദിനത്തില്‍ ഷമിക്ക് പകരം കളിച്ച ഖലീല്‍ അഹമ്മദിന് തിളങ്ങാനായിരുന്നില്ല.