പൂനെ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മുംബൈ ഏകദിനത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ കുല്‍ദീപ് യാദവിന് പകരം അക്ഷര്‍ പട്ടേല്‍ ടീമിലെത്തി.

ആദ്യ ഏകദിനം ജയിച്ച ടീമിനെ കീവീസ് നിലനിര്‍ത്തി. പിച്ചിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ മത്സരത്തെ ഉറ്റുനോക്കുന്നത്. ബാറ്റിംഗ് വിക്കറ്റാണെന്നും രണ്ടാമത് ബാറ്റഅ ചെയ്യുന്ന ടീമിന് അനായാസം റണ്‍സ് പിന്തുടരാനാവുമെന്നും ക്യൂറേറ്റര്‍ വാതുവെപ്പുകാരനായി എത്തിയ മാധ്യമപ്രവര്‍ത്തകനോട് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

മൂന്ന് മത്സര പരമ്പരയിലെ ആദ്യമത്സരം തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് തോറ്റാല്‍ നാട്ടില്‍ പരമ്പര നഷ്ടമെന്ന നാണക്കേട് കോലിയുടെ പേരിലാവും.