ലോകത്ത് മറ്റൊരു ടീമിനും ഇത്രയും മികച്ചൊരു ബാറ്റിംഗ് നിരയില്ല. ഏത് ലക്ഷ്യവും പിന്തുടര്‍ന്ന് ജയിക്കാന്‍ ഈ ടീമിനാവും. 200, 250 റണ്‍സെടുത്താലൊന്നും ഈ ടീമിനെതിരെ ജയിക്കാനാവില്ല. കാരണം ബാറ്റിംഗില്‍ ഇന്ത്യയുടെ പരിചയസമ്പത്ത് അത്രമാത്രമാണ്.

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഓസ്ട്രേലിയയിലേതിനേക്കാള്‍ മികച്ച പ്രകടനമാണ് ടീം ഇന്ത്യ ന്യൂസിലന്‍ഡില്‍ പുറത്തെടുക്കുന്നതെന്നും ഈ ടീമിനെ തോല്‍പ്പിക്കുക കടുപ്പമാണെന്നും ഗാംഗുലി പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ആധികാരിക ജയങ്ങള്‍ സന്തോഷം നല്‍കുന്ന കാര്യമാണ്. നാട്ടിലും വിദേശത്തും ഒരുപോലെ വിജയം നേടാന്‍ കോലിയുടെ ടീമിനാവുന്നുണ്ട്. എതിരാളികളെ 50 ഓവറിനുള്ളില്‍ പുറത്താക്കാനാവുന്നുവെന്നതും ഈ ടീമിന്റെ ആത്മവിശ്വാസത്തിന് തെളിവാണ്. കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും വരവോടെ മധ്യ ഓവറുകളിലും വിക്കറ്റ് വീഴ്ത്താനും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും ഇന്ത്യക്കാവുന്നു. രോഹിത്തും കോലിയും ധോണിയും എല്ലാം അടങ്ങുന്ന ബാറ്റിംഗ് നിരയും അവസരത്തിനൊത്ത് ഉയരുന്നു.

ലോകത്ത് മറ്റൊരു ടീമിനും ഇത്രയും മികച്ചൊരു ബാറ്റിംഗ് നിരയില്ല. ഏത് ലക്ഷ്യവും പിന്തുടര്‍ന്ന് ജയിക്കാന്‍ ഈ ടീമിനാവും. 200, 250 റണ്‍സെടുത്താലൊന്നും ഈ ടീമിനെതിരെ ജയിക്കാനാവില്ല. കാരണം ബാറ്റിംഗില്‍ ഇന്ത്യയുടെ പരിചയസമ്പത്ത് അത്രമാത്രമാണ്. വലിയ ലക്ഷ്യം പിന്തുടരുമ്പോള്‍ അതിനനുസരിച്ച് സ്കോറിംഗ് നിരക്ക് കൂട്ടാനും ഇവര്‍ക്കാവും.സമ്മര്‍ദ്ദമുണ്ടാവുമ്പോള്‍ കോലിയും രോഹിത്തും കേദാര്‍ ജാദവും ധോണിയുമെല്ലാം സിക്സറടിച്ചാണ് പ്രതികരിക്കുന്നത്. അവര്‍ക്കറിയാം സമ്മര്‍ദ്ദഘട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്.

അതുകൊണ്ടുതന്നെ ഏകദിന ക്രിക്കറ്റില്‍ ലോകത്തെ മറ്റേത് ടീമിനേക്കാളും ഒരുപടി മുകളിലാണ് ഇപ്പോള്‍ ഇന്ത്യ. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ടീം. അതിനാല്‍ ഇത്തവണത്തെ ലോകകപ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച ലോകകപ്പിനായിരിക്കും സാക്ഷ്യം വഹിക്കുകയെന്നും ഗാംഗുലി പറഞ്ഞു.