285 ഇന്നിംഗ്സുകളില്‍ നിന്നാണ് ധോണി 215 സിക്സറുകള്‍ നേടിയതെങ്കില്‍ 193 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. ഏഷ്യന്‍ ഇലവന് വേണ്ടി നേടിയ ഏഴ് സിക്സറുകള്‍ കൂടി കൂട്ടിയാല്‍ ധോണിയുടെ നേട്ടം 222 ആവും.

വെല്ലിംഗ്ടണ്‍: ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഒറ്റയ്ക്ക് കൈപ്പിടിയിലൊതുക്കാന്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ക്യാപറ്റന്‍ രോഹിത് ശര്‍മയ്ക്ക് അവസരം. നിലവില്‍ 215 സിക്സറുകളുമായി ധോണിക്കൊപ്പമാണ് രോഹിത്. ഞായറാഴ്ച ഒരു സിക്സര്‍ കൂടി നേടിയാല്‍ രോഹിത് ഒറ്റയ്ക്ക് തലപ്പത്തെത്തും. എന്നാല്‍ അവസാന മത്സരത്തില്‍ പരിക്കുമാറി തിരിച്ചെത്തുന്ന ധോണിയും കളിക്കുമെന്നതിനാല്‍ രോഹിത്തിനെ മറികടക്കാന്‍ ധോണിക്കും അവസരമുണ്ടാകുമെന്നുറപ്പ്.

285 ഇന്നിംഗ്സുകളില്‍ നിന്നാണ് ധോണി 215 സിക്സറുകള്‍ നേടിയതെങ്കില്‍ 193 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. ഏഷ്യന്‍ ഇലവന് വേണ്ടി നേടിയ ഏഴ് സിക്സറുകള്‍ കൂടി കൂട്ടിയാല്‍ ധോണിയുടെ നേട്ടം 222 ആവും. 195 സിക്സറുകള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ മൂന്നാമത്. സൗരവ് ഗാംഗുലി(189), യുവരാജ് സിംഗ്(153), വീരേന്ദര്‍ സെവാഗ്(134), സുരേഷ് റെയ്ന(120), വീര്ട കോലി(114), അജയ് ജഡേജ(85), മഹഹമ്മദ് അസ്ഹറുദ്ദീന്‍(77) എന്നിവരാണ് ആദ്യ പത്തിലുള്ളവര്‍.

രോഹിത് സെഞ്ചുറി നേടിയാല്‍ ന്യൂസിലന്‍ഡില്‍ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും രോഹിത്തിന് സ്വന്തമാക്കാം. 2015 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ ധോണി നേടിയ 85 റണ്‍സാണ് ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ നായകന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

10 റണ്‍സ് കൂടി നേടിയാല്‍ രവീന്ദ്ര ജഡേജക്ക് ഏകദിന ക്രിക്കറ്റില്‍ 2000 റണ്‍സ് തികയ്ക്കാം. ഇതോടെ 2000 റണ്‍സും 150 വിക്കറ്റും നേടുന്ന 26-ാമത്തെ ഓള്‍ റൗണ്ടറും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാവാന്‍ ജഡേജയ്ക്ക് കഴിയും. കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് ഈ നേട്ടത്തില്‍ ജഡേജക്ക് മുന്നിലുള്ള ഇന്ത്യക്കാര്‍. വെല്ലിംഗ്ടണില്‍ മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ വിദേശത്ത് ഏകദിനങ്ങളില്‍ 50 വിക്കറ്റെന്ന നേട്ടം കുല്‍ദീപ് യാദവിന് സ്വന്തമാവും. 32 റണ്‍സടിച്ചാല്‍ കേദാര്‍ ജാദവിന് ഏകദിനങ്ങളില്‍ 1000 റണ്‍സ് തികയ്ക്കാം.