വിശാഖപട്ടണം: അഞ്ചാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ വിശാഖപട്ടണത്തെ പിച്ചിലാണ് ഇന്ത്യുടെയും ന്യൂസിലന്‍ഡിന്റെയും നോട്ടമത്രയും. അവസാനം നടന്ന രഞ്ജി മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് പ്രതീക്ഷിച്ചതിലേറെ സഹായമാണ് പിച്ചില്‍ നിന്ന് കിട്ടിയത്. അഞ്ചാം ഏകദിനത്തിന് മുന്നോടിയായി ഇരു ടീമും വിശാഖപട്ടണത്തെ വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ പരിശീലനം നടത്താനിറങ്ങി. അപ്പോഴും മിക്ക കളിക്കാരുടെയും ശ്രദ്ധ പിച്ചിലായിരുന്നു.

നിര്‍ണായക മത്സരത്തില്‍ പിച്ച് എങ്ങനെയാകും എന്ന ആശങ്ക ഇരു ക്യാംപിലുമുണ്ട്. രണ്ടാഴ്ച മുമ്പ് ഇവിടെ നടന്ന അസം-രാജസ്ഥാന്‍ രഞ്ജി മത്സരത്തില്‍ പന്ത് എങ്ങോട്ടാണ് പോകുന്നതെന്ന് ആര്‍ക്കും പറയാനാകാത്ത അവസഥയായിരുന്നു. അഞ്ച് മണിക്കൂര്‍കൊണ്ട് വീണത് 17 വിക്കറ്റാണ്. ഇവിടെയാണോ ഇന്ത്യ അന്താരാഷ്ട്ര മത്സരം കളിക്കാന്‍ പോകുന്നതെന്ന് അസം പരിശീലകനും ഇന്ത്യന്‍ മുന്‍താരവുമായ സുനില്‍ ജോഷി ചേദിക്കുകയും ചെയ്തതാണ്.

പിച്ച് അന്താരാഷ്ട്ര മത്സരത്തിന് പറ്റിയതല്ലെന്ന വിമര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് അഞ്ചാം ഏകദിനം വിശാഖപട്ടണത്ത് നിന്ന് മാറ്റുന്നതിനെക്കുറിച്ച് പോലും ഇടയ്ക്ക് ആലോചനയുണ്ടായിരുന്നു. പിന്നീട് പിച്ച് മേല്‍നോട്ടത്തിന് ബിസിസിഐ മറ്റൊരു ക്യൂറേറ്ററെ കൂടി നിയോഗിച്ചു. അനുകൂല റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് വേദി മാറ്റേണ്ടെന്ന് തീരുമാനിച്ചത്. എങ്കിലും ടീമുകളെ ആശങ്ക അവസാനിച്ചിട്ടില്ല.

നാലാം ഏകദിനത്തില്‍ പിച്ചിന്റെ സ്വഭാവ അനുസരിച്ചുള്ള ടീമിനെ അണിനിരത്താന്‍ ന്യൂസീലന്‍ഡിനായി. ലോക ട്വന്റി-20യില്‍ ഇന്ത്യയെ തോല്‍പിച്ച രീതിയില്‍ മൂന്ന് സ്പിന്നര്‍മാരെ ഇറക്കിയുള്ള അവരുടെ പരീക്ഷണം വിജയം കാണുകയും ചെയ്തു. അശ്വിന്റെയും ജഡേജയുടെയും അഭാവത്തില്‍ സ്പിന്‍ കരുത്തില്‍ കിവീസാണ് മുന്നിലെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ ബാറ്റിംഗ് ട്രാക്കാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ക്യൂറേറ്റര്‍മാര്‍ പറയുന്നത്. ടോസും നിര്‍ണായകമാവാന്‍ സാധ്യതയുണ്ട്.ഇതിന് മുമ്പ് ഇവിടെ നടന്ന അഞ്ചില്‍ നാല് ഏകദിനത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്.