വെല്ലിംഗ്ടണ്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റുകൊണ്ടും നാക്കു കൊണ്ടും തിളങ്ങിയ ഋഷഭ് പന്തിന്റെ കുട്ടി ക്രിക്കറ്റിലെ കഷ്ടകാലം തുടരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ന്യൂസിലന്‍ഡിനെിരായ ടി20 പരമ്പരക്കുള്ള ടീമില്‍ തിരിച്ചെത്തിയ പന്തിന് ആദ്യ മത്സരത്തില്‍ 10 പന്തില്‍ നാലു റണ്‍സ് മാത്രമാണ് നേടാനായത്. കീവീസ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോഴായിരുന്നു ഋഷഭ് പന്തിന്റെ ഒച്ചിഴയും വേഗത്തിലുള്ള ഇന്നിംഗ്സ്.

മത്സരത്തിന്റെ തലേദിവസം നെറ്റ്സില്‍ സ്വിച്ച് ഹിറ്റ് പരീക്ഷിക്കുന്നതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ആദ്യ ട്വന്റി-20യില്‍ പന്ത് വീണ്ടും നനഞ്ഞ പടക്കമായതോടെ ആരാധകര്‍ ഋഷഭ് പന്തിനെതിരെ പൊങ്കാലയിട്ടു തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റില്‍ വരവറിയിച്ചുവെങ്കിലും ഏകദിനത്തിലും ട്വന്റി-20യിലും പന്ിതന് ഇതുവരെ ധോണിയുടെ പിന്‍ഗാമിയാകാനായിട്ടില്ല.

ടി20യില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ 17.88 ശരാശരിയില്‍ 161 റണ്‍സ് മാത്രമാണ് പന്തിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ വെടിക്കെട്ട് ഇന്നിംഗ്സുകള്‍ കളിക്കുന്ന പന്തിന്റെ രാജ്യാന്തര ടി20യിലെ പ്രഹരശേഷിയാകട്ടെ 111.8 മാത്രമാണ്.