ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ നിര്‍ണായകമായത് വിക്കറ്റിന് പിന്നിലെ ധോണിയുടെ ഇടപെടലായിരുന്നു. മുന്‍നിര തകര്‍ന്നിട്ടും ന്യൂസിലന്‍ഡിനായി ജിമ്മി നീഷാം അടിച്ചു തകര്‍ത്ത് ഇന്ത്യക്ക് ഭീഷണിയായി ക്രീസില്‍ നിന്നപ്പോള്‍ അപ്രതീക്ഷിത റണ്ണൗട്ടിലൂടെ മടക്കിയ ധോണിയുടെ മിന്നല്‍ വേഗമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

നീഷാമിന്റെ വിക്കറ്റ് വീണതോടെ ന്യൂസിലന്‍ഡ് പരാജയത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഐസിസി എതിരാളികള്‍ക്ക് ഉപദേശവുമായി രംഗത്തുവന്നത്. വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടെങ്കില്‍ ഒരിക്കലും ക്രീസ് വിടരുതെന്നായിരുന്നു ഐസിസിയുടെ ട്വീറ്റ്.

പരിക്കുമൂലം രണ്ട് മത്സരങ്ങള്‍ നഷ്ടമായ ധോണിക്ക് ഇന്നലെ ബാറ്റിംഗില്‍ കാര്യമായി ശോഭിക്കാനായില്ല. എന്നാല്‍ സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ഫീല്‍ഡ് സെറ്റ് ചെയ്തും ഉപദേശങ്ങള്‍ നല്‍കിയും ധോണി വിജയത്തില്‍ നിര്‍ണായക സാന്നിധ്യമാവുകയും ചെയ്തു.