Asianet News MalayalamAsianet News Malayalam

ദയനീയ തോല്‍വിക്ക് പുറമെ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡും

2010ല്‍ ധാംബുള്ളയില്‍ ശ്രീലങ്കക്കെതിരെ 209 പന്തുകള്‍ ബാക്കി നില്‍ക്കെ തോറ്റതായിരുന്നു ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും കനത്ത തോല്‍വി.

India vs New Zeland India creates un wanted record at Hamilton
Author
Hamilton, First Published Jan 31, 2019, 11:38 AM IST

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ദയനീയ തോല്‍വി വഴങ്ങിയ ഇന്ത്യയുടെ പേരില്‍ നാണക്കേടിന്റെ റെക്കോര്‍ഡും. ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ് ന്യൂസിലന്‍ഡിനെതിരെ ഇന്ന് വഴങ്ങിയത്. വിജയലക്ഷ്യമായ 93 റണ്‍സ് 14.4 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി അടിച്ചെടുത്ത കീവികള്‍ 212 പന്തുകള്‍ ബാക്കിയാക്കിയാണ് ഹാമില്‍ട്ടണില്‍ ജയിച്ചു കയറിയത്.

2010ല്‍ ധാംബുള്ളയില്‍ ശ്രീലങ്കക്കെതിരെ 209 പന്തുകള്‍ ബാക്കി നില്‍ക്കെ തോറ്റതായിരുന്നു ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും കനത്ത തോല്‍വി. തുടര്‍ച്ചയായി പത്തോവറുകള്‍ എറിഞ്ഞ് അഞ്ചു വിക്കറ്റു വീഴ്ത്തി ഇന്ത്യയെ എറിഞ്ഞിട്ട പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് കീവീസിന് പരമ്പരയില്‍ ആശ്വാസ ജയമൊരുക്കിയത്.

പത്താമനായി ഇറങ്ങി 18 റണ്‍സടിച്ച യുസ്‌വേവേന്ദ്ര ചാഹലായിരുന്നു മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. ഏകദിന ചരിത്രത്തില്‍ ഇന്ത്യക്കായി പത്താമന്‍ ടോപ് സ്കോററാവുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 1998ല്‍ ടൊറാന്റോയില്‍ പാക്കിസ്ഥാനെതിരെ പത്താമനായി ഇറങ്ങിയ ജവഗല്‍ ശ്രീനാഥ് 43 റണ്‍സടിച്ച് ടോപ് സ്കോററായിരുന്നു.

ഏകദിനങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ഏഴാമത്തെ ടോട്ടലാണ് ഇന്ന് ഹാമില്‍ട്ടണില്‍ കുറിച്ചത്. 2000ല്‍ ഷാര്‍ജയില്‍ ശ്രീലങ്കക്കെതിരെ 54 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോര്‍.

Follow Us:
Download App:
  • android
  • ios