വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ താരം എംഎസ് ധോണിയെ വാനോളം പുകഴ്ത്തി ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാം. ധോണി ക്രീസിലുള്ളിടത്തോളം ഇന്ത്യക്കെതിരെ ഒരു മത്സരവും ജയിച്ചുവെന്ന് ഉറപ്പു പറയാനാവില്ലെന്ന് നീഷാം പറഞ്ഞു. ധോണിയെ ലോകകപ്പില്‍ കളിപ്പിക്കണോ എന്നത് സംബന്ധിച്ച്  ഇന്ത്യന്‍ മാധ്യമങ്ങളില്‍ ചില വിമര്‍ശനങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ മഹാനായ കളിക്കാരനാണ് ധോണിയെന്നും  അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ തന്നെയാണ് അതിന് തെളിവെന്നും നീഷാം പറഞ്ഞു.

ബൗളറെന്ന നിലയില്‍ ധോണിക്കെതിരെ ബൗള്‍ ചെയ്യുമ്പോള്‍ എനിക്ക് അറിയാം, ധോണി പുറത്താവുന്നതുവരെ ഒരു മത്സരവും ജയിച്ചുവെന്ന് ഉറപ്പിക്കാനാവില്ലെന്ന്. അവസാന ഏകദിന മത്സരം നടക്കുന്ന വെല്ലിംഗ്ടണിലെ വെസ്റ്റ്പാക്കിലെ പിച്ച് ഹാമില്‍ട്ടണിലേതുപോലെ പേസ് ബൗളര്‍മാരെ തുണക്കുമെന്നാണ് പ്രതീക്ഷയെന്നും നീഷാം പറഞ്ഞു. വിരാട് കോലിയില്ലെങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിര ശക്തമാണെന്നും നീഷാം വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യ മൂന്ന് പേരുടെ ബാറ്റിംഗ് ശരാശരിതന്നെ മറ്റ് ബാറ്റ്സ്മാന്‍മാരുടേതിനേക്കാള്‍ 20 റണ്‍സെങ്കിലും കൂടുതലാണ്. ഇതുതന്നെ അവരുടെ മികവിന്റെ അടയാളമാണ്. അതുകൊണ്ട് കോലിയുടെ അഭാവം ന്യൂസിലന്‍ഡിന് വലിയ ആശ്വാസം പകരുന്ന കാര്യമല്ലെന്നും നീഷാം വ്യക്തമാക്കി.