ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്ത. പേശിവലിവ് മൂലം മൂന്നാം ഏകദിനം നഷ്ടമായ എംഎസ് ധോണി നാലാം ഏകദിനത്തില്‍ കളിക്കുമെന്നാണ് സൂചന. പരിക്കിന്റെ സൂചനകളൊന്നുമില്ലാതെയാണ് ധോണി ഇന്ന് നെറ്റ്സില്‍ കഠിന പരിശീലനം നടത്തിയത്.

അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ നാലാം ഏകദിനത്തില്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എങ്കിലും പരിക്ക് ഭേദമായി എത്തുന്ന ധോണി നാലാം ഏകദിനത്തില്‍ കളിക്കനാണ് കൂടുതല്‍ സാധ്യത. മെയ് അവസാനം തുടങ്ങുന്ന ലോകകപ്പിന് മുമ്പ് ഏഴ് ഏകദിന മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്കിനി കളിക്കാന്‍ ബാക്കിയുള്ളത്.

ധോണിക്ക് പകരം മൂന്നാം ഏകദിനത്തില്‍ വിക്കറ്റ് കാത്ത ദിനേശ് കാര്‍ത്തിക്കും ടീമില്‍ തുടര്‍ന്നേക്കും. ധോണി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയാല്‍ അംബാട്ടി റായിഡുവാകും അന്തിമ ഇലവനില്‍ നിന്ന് പുറത്തുപോവുക. വിക്കറ്റിന് പിന്നില്‍ നിന്ന് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ധോണി നല്‍കുന്ന നിര്‍ദേശങ്ങള്‍ മത്സരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കഴിഞ്ഞ മത്സരത്തില്‍ വ്യക്തമായിരുന്നു.

കടുപ്പമേറിയ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനങ്ങള്‍ക്ക് ശേഷം അവസാന രണ്ട് ഏകദിനങ്ങള്‍ക്ക് മുന്നോടിയായി ക്യാപ്റ്റന്‍ വിരാട് കോലിക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരുന്നു. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് അവസാന രണ്ട് ഏകദിനത്തിലും ട്വന്റി-20 പരമ്പരയിലും ഇന്ത്യയെ നയിക്കുന്നത്.