സീസണില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ സഞ്ജു ചെന്നൈക്കായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററുമാണ്.

ദില്ലി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍. ഡല്‍ഹിക്കെതിരെ 52 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്ത സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ശുഭ്മാന്‍ ഗില്ലിനെയും വിരാട് കോലിയെയും സായ് സുദര്‍ശനെയുമെല്ലാം മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 10 മത്സരങ്ങളില്‍ 402 റണ്‍സുമായാണ് സഞ്ജു ആദ്യ അഞ്ചില്‍ തിരിച്ചെത്തിയത്. അഭിഷേക് ശര്‍മയെ(440) പിന്നിലാക്കി ഡല്‍ഹി ഓപ്പണര്‍ കെ എൽ രാഹുല്‍ ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചപ്പോള്‍ ഹെന്‍റിച്ച് ക്ലാസന്‍(425), വൈഭവ് സൂര്യവംശി(404) എന്നിവരാണ് റണ്‍വേട്ടക്കാരില്‍ സഞ്ജുവിന് മുന്നിലുള്ളത്.

സീസണില്‍ ചെന്നൈക്കായി രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ സഞ്ജു ചെന്നൈക്കായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററുമാണ്. സീസണില്‍ ചെന്നൈ ജയിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ടോപ് സ്കോററാവാനും സഞ്ജുവിനായി. 42 ഫോറും 21 സിക്സും പറത്തിയ സഞ്ജു 57.43 ശരാശരിയിലും 167.52 സ്ട്രൈക്ക് റേറ്റിലുമാണ് ഈ സീസണില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ബാറ്റ് വീശുന്നത്.

View post on Instagram

ഡല്‍ഹിക്കെതിരെ പതുക്കെയായിരുന്നു സഞ്ജു തുടങ്ങിയത്. പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാതെ കരുതലോടെ കളിച്ച സഞ്ജു നേരിട്ട ആദ്യ 22 പന്തില്‍ 22 റണ്‍സ് മാത്രമാണെടുത്തത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി പവര്‍ പ്ലേയില്‍ മടങ്ങിയതോടെ സമ്മര്‍ദ്ദം മുഴുവന്‍ സഞ്ജുവിലായി. മൂന്നാം നമ്പറിലിറങ്ങിയ ഊര്‍വില്‍ പട്ടേല്‍ രണ്ട് സിക്സ് അടിച്ച് സഞ്ജുവിന്‍റെ സമ്മര്‍ദ്ദം അകറ്റിയെങ്കിലും പിന്നാലെ പുറത്തായതോടെ ചെന്നൈ പതറി. എന്നാല്‍ എട്ടാം ഓവറില്‍ കുല്‍ദീപ് യാദവിനെ സിക്സ് അടിച്ച് ഗിയര്‍ മാറ്റിയ സഞ്ജു തൊട്ടടുത്ത ഓവറില്‍ ടി നടരാജനെതിതെ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി. കുല്‍ദീപ് യാദവ് എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സും ഒരു ഫോറും അടിച്ച സഞ്ജു 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി സഞ്ജു ഡല്‍ഹിയുടെ അവസാന പ്രതീക്ഷയും അടിച്ചകറ്റി. നടരാജനെറിഞ്ഞ പതിനഞ്ചാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് സിക്സും ഒരു ഫോറും പറത്തി സഞ്ജു അതിവേഗം 80കളിലെത്തി. സഞ്ജു സീസണിലെ മൂന്നാം സെഞ്ചുറി തികയ്ക്കുമെന്ന് കരുതിയെങ്കിലും യുവതാരം കാര്‍ത്തിക് ശര്‍മയുടെ മിന്നലടികള്‍ ചെന്നൈ ജയം വേഗത്തിലാക്കി. ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സായ് സുദര്‍ശൻ(385), റയാന്‍ റിക്കിള്‍ടണ്‍(380), വിരാട് കോലി(379), ശുഭ്മാന്‍ ഗില്‍(378), പ്രഭ്‌സിമ്രാന്‍ സിംഗ്(361) എന്നിവരാണ് സഞ്ജുവിന് പിന്നില്‍ ആദ്യ പത്തിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക