ലണ്ടന്‍: ലോക ഹോക്കി ലീഗ് പോരാട്ടത്തില്‍ അഞ്ചും എട്ടും സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യക്കായി രമണ്‍ദീപ് സിംഗ് രണ്ട് ഗോള്‍ നേടിയപ്പോള്‍ തല്‍വീന്ദര്‍ സിംഗ്, ആകാശ്ദീപ് സിംഗ്, ഹര്‍മന്‍ദീപ് സിംഗ്, മന്‍ദീപ് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേയിടത്.
മൂന്നാം ക്വാര്‍ട്ടറില്‍ അജാസ് അഹമ്മദ് പാക്കിസ്ഥാനായി ആശ്വാസ ഗോള്‍ നേടി. അഞ്ചു ആറും സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പ്ലേ ഓഫില്‍ ഇന്ത്യ ഇനി കാനഡയെ നേരിടും. ഏഴും എട്ടും സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ചൈനയെ നേരിടും. 2018ല്‍ ഇന്ത്യയില്‍ നടക്കുന്ന ഹോക്കി ലോകകപ്പിന് ഇന്ത്യ ആഥിഥേയരെന്ന നിലയില്‍ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
ഹോക്കി ലീഗില്‍ സെമിയിലെത്തിയതോടെ അര്‍ജന്റീന, മലേഷ്യ, നെതര്‍ലന്‍ഡ്സ്, ഇംഗ്ലണ്ട് ടീമുകളും ലോകകപ്പ് യോഗ്യത ഉറപ്പാക്കി. ലോക ഹോക്കി ലീഗിലെ അഞ്ചും ആറും സ്ഥാനക്കാര്‍ കൂടി ലോകകപ്പിന് യോഗ്യത നേടുമെന്നതിനാല്‍ ചൈനയ്ക്കെതിരായ മത്സരം പാക്കിസ്ഥാന് ഏറെ നിര്‍ണായകമാണ്.
