ജൊഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ സെഞ്ചൂറിയനില്‍ തുടങ്ങാനിരിക്കെ ഇന്ത്യക്ക് അശുഭ വാര്‍ത്ത. ന്യൂലാന്‍ഡ്സില്‍ ഫിലാന്‍ഡറുടെ സ്വിംഗാണ് ഇന്ത്യയെ വീഴ്‌ത്തിയതെങ്കില്‍ സെഞ്ചൂറിയനിലെ ബൗണ്‍സാകും ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവുകയ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ബൗണ്‍സുള്ള പിച്ചുകളിലൊന്നാണ് സെഞ്ചൂറിയനിലേത്.

ന്യൂലാന്‍ഡ്സില്‍ ഫിലാന്‍ഡറായിരുന്നു ഇന്ത്യ എറിഞ്ഞിട്ടതെങ്കില്‍ സെഞ്ചൂറിയനിലെത്തുമ്പോള്‍ ആ ദൗത്യം ഉയരക്കാരനായ മോണി മോര്‍ക്കലിനും അതിവേഗക്കാരനായ റബാദയ്ക്കുമാവും. മോര്‍ക്കല്‍ ഒഴികെയുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍നിര പേസര്‍മാരെല്ലാം സെഞ്ചൂറിയനില്‍ പത്തുവിക്കറ്റ് നേട്ടം ആഘോഷിച്ചിട്ടുള്ളവരാണ്. ആദ്യ ടെസ്റ്റിന് സമാനമായി നാലു പേസര്‍മാരുമായാകും ദക്ഷിണാഫ്രിക്ക ഇറങ്ങുക. പരിക്കേറ്റ ഡെയ്ല്‍ സ്റ്റെയിന്‍ കളിക്കാത്ത സാഹചര്യത്തില്‍ ക്രിസ് മോറിസ് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യ ടീമിലും കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്ന് സൂചനയുണ്ടെങ്കിലും ഒരു മത്സരത്തിലെ പരാജയത്തിന്റെ പേരില്‍ താരങ്ങളെ ഒഴിവാക്കുന്നതിനെ ക്യാപ്റ്റന്‍ വിരാട് കോലി അനുകൂലിക്കാത്തത് തലവേദനയാണ്. ധവാന് പകരം കെഎല്‍ രാഹുല്‍ ഓപ്പണറായി എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാല്‍ രോഹിത് ശര്‍മക്കു പകരം രഹാനെയെ കളിപ്പിക്കണോ എന്നതും ബൂമ്രയ്ക്കു പകരം ഉമേഷിനെയും ഇഷാന്തിനെയോ കളിപ്പിക്കണോ എന്നകാര്യങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.

രഹാനെയെ കളിപ്പിച്ച് അദ്ദേഹത്തിന് തിളങ്ങാനായില്ലെങ്കില്‍ പിന്നീട് എന്തു ചെയ്യുമെന്നതും വലിയ ചോദ്യമാണ്. രോഹിത്തിന് ഒരവസരം കൂടി നല്‍കണമെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പക്ഷം. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ബൂമ്ര തിളങ്ങിയില്ലെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ മികവു കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ബൂമ്രയെ മാറ്റുന്നകാര്യത്തിലും ടീമിനകത്ത് ആശയക്കുഴപ്പമുണ്ട്. രണ്ടാം ടെസ്റ്റിലും തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ ജയം ലക്ഷ്യമിട്ടായിരിക്കും ഇന്ത്യ ഇറങ്ങുക.