ജോഹ്നാസ്‌ബര്‍ഗ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡിനായി ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 187 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്. 43 റണ്‍സുമായി ഹാഷിം അംലയും ഒരു റണ്ണുമായി ക്വിന്റണ്‍ ഡീ കോക്കുമാണ് ക്രീസില്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറു റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഡീന്‍ എല്‍ഗാറിനെ(4) നഷ്ടമായി. ഭുവനേശ്വര്‍കുമാറിനായിരുന്നു വിക്കറ്റ്. എന്നാല്‍ പിന്നീടെത്തിയ ഹാഷിം അംല നൈറ്റ് വാച്ച്‌മാന്‍ റബാദയുമൊത്ത് ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ദക്ഷഇണാഫ്രിക്കയെ 80 റണ്‍സില്‍ എത്തിച്ചു. ലഞ്ചിന് തൊട്ടുമുമ്പ് റബാദയെ(30) സ്ലിപ്പില്‍ രഹാനെയുടെ കൈകകളിലെത്തിച്ച ഇഷാന്ത് ശര്‍മയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

ലഞ്ചിന് ശേഷം ഡിവില്ലിയേഴ്സിനെയും(5), ഡൂപ്ലെസിയെയും മടക്കി ഇന്ത്യ തിരിച്ചടിച്ചു. ഡിവില്ലിയേഴ്സിനെ ഭുവി ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഡൂപ്ലെസി ബൂമ്രയുടെ ലീവ് ചെയ്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. അഞ്ച് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്ക ഇപ്പോഴും ഇന്ത്യന്‍ സ്കോറിന് 79 റണ്‍സിന് പുറകിലാണ്. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായില്ലെങ്കിലും ദക്ഷിണാഫ്രിക്കയെ വലിയ് ലീഡ് അനുവദിക്കാതിരുന്നാല്‍ ഇന്ത്യക്ക് മത്സരത്തില്‍ തിരിച്ചുവരാനായേക്കും.